
ന്യൂജഴ്സി സെന്റ്. തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ വികാരിയായ ഫാ. ജേക്കബ് ജോസിന്റെയും (ജോസച്ചൻ) ജോളിയുടെയും മൂന്നു മക്കളിൽ മൂത്തയാളായിരുന്നു ജോസഫ് ജേക്കബ് (ജോയി). ക്രിസ്റ്റീൻ, ജാസ്മിൻ എന്നിവരുടെ ഏകസഹോദരൻ.
ക്രിസ്തീയവിശ്വാസത്തിലും പ്രാർത്ഥനകളിലും അടിയുറച്ചുതന്നെയാണ്, കുട്ടികൾ മൂന്നുപേരും വളർന്നുവന്നത്. കുടുംബപ്രാർത്ഥനകൾക്കും ദൈവാലയശുശ്രൂഷകൾക്കുംപുറമേ, വ്യക്തിപരമായ പ്രാർത്ഥനകൾക്കും അവർ സമയംകണ്ടെത്തിയിരുന്നു. എങ്കിലും അമേരിക്കയിൽവളരുന്ന കുട്ടികളായതിനാൽ, അവർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാതിരിക്കാനായി, ജോളി ഉപവാസത്തോടെ പ്രാർത്ഥിക്കുകയും വചനം വായിക്കുകയുംചെയ്തിരുന്നു.
ഒരു പുരോഹിതന്റെ മകനെന്നനിലയിൽ, ജോയിയും പിതാവിനെപ്പോലെയാകണമെന്നു ജോളിയാഗ്രഹിച്ചിരുന്നു. മകൻ ദൈവത്തോടു കൂടുതലടുക്കണമെന്ന ആഗ്രഹത്തോടെയാണു ജോളി എപ്പോഴും പ്രാർത്ഥിച്ചിരുന്നതു്.
സമയലഭ്യതയുള്ളപ്പോഴെല്ലാം യൂട്യൂബിൽ, ദാനിയേൽ പൂവണ്ണത്തിലച്ചന്റെ പ്രസംഗങ്ങൾ ജോളി കേൾക്കാറുണ്ടായിരുന്നു. അങ്ങനെയാണ്, ദിവസവും അരമണിക്കൂർവീതം മൂന്നുമാസം മുടങ്ങാതെ വിശുദ്ധബൈബിൾ വായിക്കുന്നവർ, ആഗ്രഹിക്കുന്ന ഏതുകാര്യവും ദൈവം സാദ്ധ്യമാക്കുമെന്ന പ്രസംഗം കേൾക്കാനിടയായത്. അച്ചന്റെ വാക്കുകൾ, പൂർണ്ണമായും ഹൃദയത്തിൽ വിശ്വസിച്ചുകൊണ്ട്, 2018 മാർച്ച് 18 മുതൽ ജൂൺ 18 വരെ, ദിവസവും അരമണിക്കൂർവീതം, മൂന്നുമാസക്കാലം മുടങ്ങാതെ ബൈബിൾ വായിച്ചു.
രണ്ടാഴ്ചകൾക്കപ്പുറം, ജൂലൈ മൂന്നാംതിയതി, ചൊവ്വാഴ്ച പുലർച്ചെ, ജോളിയെത്തേടി ഒരു ദുരന്തവാർത്തയാണെത്തിയത്.
ജോയി ഓടിച്ചിരുന്ന ബൈക്ക്, റോഡിൽ മറിഞ്ഞനിലയിൽ കണ്ടെത്തിയെന്നും ജോയിയെ കാണാനില്ലെന്നുമറിയിച്ചുകൊണ്ടു്, ചില പോലീസ് ഉദ്യോഗസ്ഥർ, നേരംപുലർന്നപ്പോൾത്തന്നെ ജോസച്ചന്റെ വീട്ടിലെത്തി. പോലിസുകാരുടെ സന്ദേശം വീട്ടിലെല്ലാവരേയും ആകുലരാക്കി.
ജോളി, പരിഭ്രാന്തിയോടെ വിശുദ്ധബൈബിൾ തുറന്നുവായിച്ചു.
"ജനതകളേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്‌ത്തുവിന്‍.
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിൻ്റെ വിശ്വസ്‌തത എന്നേയ്ക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍." (സങ്കീര്‍ത്തനങ്ങള്‍ 117:1-2) എന്ന സങ്കീർത്തനഭാഗമാണ് ആദ്യം ദൃഷ്ടിയിൽപെട്ടത്.
തൊട്ടുമുകളിലുള്ള സങ്കീർത്തനം വായിക്കാൻ ഒരു പ്രേരണയുണ്ടായതിനാൽ, അതുകൂടെ വായിച്ചുതുടങ്ങി. "ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എൻ്റെ പ്രാര്‍ത്ഥനയുടെ സ്വരം, അവിടുന്നു ശ്രവിച്ചു." എന്നു തുടങ്ങുന്ന 116-ാം സങ്കീർത്തനത്തിന്റെ 15-ാം വാക്യമിങ്ങനെയായിരുന്നു: "തൻ്റെ വിശുദ്ധരുടെ മരണം, കര്‍ത്താവിനമൂല്യമാണ്." 116-ാം സങ്കീർത്തനത്തിന്റെ മുഴുവൻ വാക്യങ്ങളും മനസ്സിൽത്തട്ടിയാണു ജോളി വായിച്ചുതീർത്തത്.
"കർത്താവിന്റെ പദ്ധതികളെ ഞാനൊരിക്കലും ചോദ്യംചെയ്യില്ല. ദൈവം തന്നെങ്കിൽ, തിരികെയെടുക്കാനും ദൈവത്തിനധികാരമുണ്ടു്..." ജോളി സ്വന്തം മനസ്സിനെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻശ്രമിച്ചു.
മകനുവേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ജോളി ഇങ്ങനെയാണു പ്രാർത്ഥിച്ചിരുന്നത്. "ദൈവത്തിനു് അവനെക്കുറിച്ചുള്ള പദ്ധതി, എന്തുതന്നെയായാലും നിൻ്റെ പദ്ധതികൾ അവനിൽ നിറവേറുമ്പോൾ അതിനെയുൾക്കൊള്ളാൻ എനിക്കു കൃപതരേണമേ!" ആ കൃപ കർത്താവ് അപ്പോൾ ജോളിയിലേയ്ക്കു ചൊരിയുന്നുണ്ടായിരുന്നു.
പിന്നീട്, റോഡരികിലെ മരങ്ങൾക്കിടയിലേക്കു തെറിച്ചുവീണനിലയിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോൾ ജോളി ഉറക്കെ പ്രാർത്ഥിച്ചു: "ദൈവമേ, അവൻ്റെയാത്മാവിനെ അങ്ങു സ്വീകരിക്കണമേ, അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും മടിയിൽ അവനെ പാർപ്പിക്കണമേ... നിനക്ക്, എൻ്റെ കൃപമതിയെന്നു പൗലോസിനോടു പറഞ്ഞ കർത്താവേ, നിൻ്റെ കൃപയാൽ എന്നെ താങ്ങിനിറുത്തേണമേ! ഇതിൽക്കൂടെ കടന്നുപോകാൻ എനിക്കു നിൻ്റെ കൃപ നല്കേണമേ!" കർത്താവു തൻ്റെ കൃപയാൽ ആ കുടുംബാംഗങ്ങളെയെല്ലാം താങ്ങി.
"എൻ്റെയാത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക; കര്‍ത്താവു നിൻ്റെമേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. അവിടുന്നെൻ്റെ പ്രാണനെ മരണത്തില്‍നിന്നും ദൃഷ്‌ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നും മോചിപ്പിച്ചിരിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 116: 7 - 8)
"എൻ്റെ മകൻ ദീർഘകാലം ജീവിച്ചിരിക്കുകയും ലോകത്തിൻ്റെ മോഹങ്ങളിൽ കുരുങ്ങിപ്പോകുകയുംചെയ്യുന്നതിനേക്കാൾ എത്രയോ അനുഗൃഹീതമാണ്, വിശ്വാസത്തിലും പ്രാർത്ഥനയിലുമായിരിക്കുമ്പോൾ അവൻ കർത്താവിൻ്റെ പക്കലേയ്ക്കു മടങ്ങിപ്പോയത്!" ജോളി പറയുന്നു.
തൻ്റെ ഇരുപത്തിയഞ്ചാംവയസ്സിൽ, ഒരു വാഹനാപകടത്തിൽ, തങ്ങളുടെ പുത്രൻ ദൈവസന്നിധിയിലേയ്ക്കു യാത്രയായെങ്കിലും ആ മാതാപിതാക്കൾ ദൈവത്തെപ്പഴിച്ചില്ലാ..
ജോയിയുടെ മരണവാർത്തയറിഞ്ഞ്, ബ്ലസഡ് ഫാമിലിയെന്ന ആത്മീയ്ക്കൂട്ടായ്മയ്ക്കു നേതൃത്വംനല്കുന്ന രേണുച്ചേച്ചി ജോളിയെ വിളിച്ചു സംസാരിക്കുകയും ആശ്വസിപ്പിക്കുകയുംചെയ്തു. ദാനിയൽ അച്ചന്റെ പ്രസംഗംകേട്ടതിന്റെ വെളിച്ചത്തിൽ, ദിവസവും അരമണിക്കൂർവീതം മൂന്നുമാസം മുടങ്ങാതെ ബൈബിൾ വായിച്ചകാര്യം ജോളി, രേണുച്ചേച്ചിയോടു പറഞ്ഞു.
''ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുണ്ട്. എന്നാൽ നമ്മളാഗ്രഹിക്കുന്നതുപോലെയാകണമെന്നില്ലാ, ദൈവമതിനുത്തരം നല്കുന്നത്. അതു ദൈവത്തിൻ്റെ തീരുമാനമാണ്. ആ തീരുമാനം ദൈവവമെന്നിൽ നടപ്പിലാക്കി.. ഇരുകരങ്ങളുംനീട്ടി, ഞാനതു സ്വീകരിക്കുന്നു." ജോളി ഒട്ടും പതറാതെ പറയുന്നു..
ഇന്ന്, രേണുവിൻ്റെ നേതൃത്വത്തിലുള്ള ബ്ലസഡ് ഫാമിലിയുടെ സജീവാംഗങ്ങളിലൊരാളാണു ജോളി. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെക്കുറിച്ചോ, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെക്കുറിച്ചോ അറിഞ്ഞാൽ അവർക്കാശ്വാസവും സാന്ത്വനവും നല്കാനും കർത്താവിന്റെ വചനവും സ്നേഹവും പകർന്നുനല്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയാണു ജോളി.
പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കുംനടുവിലും പ്രാർത്ഥിക്കാനും വചനംവായിക്കാനും ദൈവസ്നേഹത്തിൻ്റെ സാക്ഷിയാകാനും ദൈവമനുഗ്രഹിക്കുന്നതിനെപ്രതി, ജോളി എന്നും ദൈവത്തിനു നന്ദിപറയുന്നു.
-------------------------------------------------------------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ