2019 മേയ് 2, വ്യാഴാഴ്‌ച

കർത്താവിനു തെറ്റുപറ്റില്ല...


ഹൃദയംനുറുങ്ങുന്ന വേദനയുടെ നടുവിൽനില്ക്കുമ്പോഴും എബിയും സൂസനും ഉറച്ചശബ്ദത്തിൽപ്പറയുന്നു: "കർത്താവിനു തെറ്റുപറ്റില്ല. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."

2018 ഒക്ടോബർ 19 ഒരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് കോട്ടയം ചിങ്ങവനം സ്വദേശികളായ എബിയുടേയും സൂസന്റേയും മക്കൾ, എൽദോ (27 വയസ്സ്), എൽജോ (24 വയസ്സ്) എന്നിവരെ കർത്താവു തന്റെ സന്നിധിയിലേക്കു തിരികെ വിളിച്ചതു്.

സഹോദരന്മാർ എന്നതിനേക്കാളുപരി, അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് എൽദോയും എൽജോയും കഴിഞ്ഞിരുന്നതു്. സാധിക്കുന്നിടത്തെല്ലാം അവർ ഒന്നിച്ചായിരുന്നു. ഒരേ കട്ടിലിലായിരുന്നു ഉറക്കം. അന്ത്യനിദ്രയിലും അനുജൻ എൽജോയെ തന്നോടുചേർത്തു പുണർന്നായിരുന്നു എൽദോ കണ്ണടച്ചത്...

തങ്ങളുടെ വിശ്വാസവും പ്രാർത്ഥനാ ജീവിതവും മക്കളിലേക്കു പകർന്നുകൊടുത്താണ് എബിയും സൂസനും മക്കളെ വളർത്തിയതു്. വീട്ടിലേയും നാട്ടിലേയും എന്താവശ്യത്തിനും എൽദോയും എൽജോയും മുൻപന്തിയിലുണ്ടായിരുന്നു. എൽദോ സമുദായപ്രവർത്തകനെന്നനിലയിലും എൽജോ വേദപാഠ അദ്ധ്യാപകനെന്നനിലയിലും ഇടവകയിൽ സജീവമായിരുന്നു.

കേരളത്തെമുഴുവൻ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ നാളുകളിൽ, രക്ഷാപ്രവർത്തനങ്ങളിലും ദുരിതബാധിതർക്കു് ആശ്വാസമെത്തിക്കുന്നതിലും പ്രശംസനീയമായ പ്രവർത്തനങ്ങളുമായി, ആ സഹോദരന്മാർ സജീവമായിരുന്നു.

പരുമലയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്ന എൽദോയും ചങ്ങനാശ്ശേരിയിലെ കുറ്റൂരിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന എൽജോയും ഒന്നിച്ചായിരുന്നു ജോലിസ്ഥലങ്ങളിലേക്കു പോയിരുന്നതു്. 

2018 ഒക്ടോബർ 18 ഒരു ഹർത്താൽദിനമായിരുന്നു. അന്നു്, സഹോദരന്മാർ രണ്ടുപേരുംചേർന്നു്, വീടും പരിസരവും വൃത്തിയാക്കി. എല്ലാം അടുക്കിയൊതുക്കിവച്ചു. പിറ്റേന്നുരാവിലെ, അമ്മ നല്കിയ ഉച്ചഭക്ഷണപ്പൊതിയും വാങ്ങി, മാതാപിതാക്കൾക്കു സ്നേഹചുംബനങ്ങൾ നല്കി, സന്തോഷത്തോടെ യാത്രയായവരുടെ, നിർജ്ജീവശരീരങ്ങളാണ്, വൈകുന്നേരം വീട്ടിലേക്കു മടങ്ങിയെത്തിയതു്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ ഒരു ചരക്കുലോറിയെ മറികടക്കുമ്പോൾ, എതിർദിശയിൽവന്ന കാറിലിടിച്ചുമറിഞ്ഞ്, ഒരു ടിപ്പർലോറിക്കു മുന്നിലേക്കു വീണു. എൽജോ തൽക്ഷണം മരിച്ചു. അല്പമകലെ തെറിച്ചുവീണ എൽദോ റോഡിലിഴഞ്ഞ്, അനുജന്റെയടുത്തെത്തി, അവനെ നെഞ്ചോടുചേർത്തു പുണർന്നു്, അന്ത്യശ്വാസം വലിച്ചു.

ഇടവകയ്ക്കും നാടിനും വലിയ നടുക്കമേകിക്കൊണ്ടായിരുന്നു ആ വാർത്തയെത്തിയതു്. തങ്ങളുടെ പൊന്നോമനകൾ ഇനി തങ്ങളോടൊപ്പമില്ല എന്ന അറിവു്, എബിയേയും സൂസനേയും തളർത്തിക്കളഞ്ഞു. ഇനിയെന്തിനു ജീവിച്ചിരിക്കണമെന്നാണ് ആ രാത്രിയിൽ അവർ ചിന്തിച്ചത്. അതുവരെ മുറുകെപ്പിടിച്ചിരുന്ന ക്രിസ്തുവിശ്വാസം പരീക്ഷിക്കപ്പെട്ട ഒരു രാത്രിയാണു കടന്നുപോയത്. എന്നാൽ അനേകരുടെ പ്രാർത്ഥനകൾ, ആ ദുരിതരാത്രി നീന്തിക്കടക്കാൻ, അവർക്കു ശക്തിനല്കി.

വൈദികരും മെത്രാന്മാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ ഭവനത്തിലെത്തി, എബിയേയും സൂസനേയും ആശ്വസിപ്പിച്ചു. പലരും പ്രത്യാശയുടെ തിരുവചനങ്ങൾ പങ്കുവച്ചു. മക്കൾ ഇല്ലാതായതല്ലാ, നിത്യജീവനിലേക്കു പ്രവേശിച്ചതാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻകഴിഞ്ഞപ്പോൾ, ദൈവത്തിലേക്കു വീണ്ടും മുഖമുയർത്താൻ അവർക്കുകഴിഞ്ഞു. വിദേശത്തുനിന്നു്, ചില ബന്ധുക്കൾ വന്നെത്താനുണ്ടായിരുന്നതിനാൽ 22- നാണു മൃതസംസ്കാരം നടത്തിയതു്.

"മക്കളുടെ മൃതദേഹങ്ങൾക്കരികിൽ നിൽക്കുമ്പോൾ പരിശുദ്ധ അമ്മയായിരുന്നു എന്റെ മനസ്സുനിറയെ. 33 വയസ്സുള്ള പുത്രൻ കുരിശിൽ പിടഞ്ഞുമരിക്കുന്നതു കണ്ടപ്പോഴും ദൈവഹിതത്തിനു കീഴ്വഴങ്ങിയ അമ്മ എന്നെ ധൈര്യപ്പെടുത്തി." സൂസൻ പറഞ്ഞു.
 
"ആ ആഴ്ചയിൽത്തന്നെ രേണുച്ചേച്ചിയുടെ വിളിയെത്തി. മക്കളുടെ മരണവാർത്തയറിഞ്ഞ്, ഫോൺനമ്പർ തേടിപ്പിടിച്ച്, ഞങ്ങളെ ആശ്വസിപ്പിക്കാനായി വിളിച്ചതാണു ചേച്ചി. രേണുച്ചേച്ചിയുടെ വാക്കുകൾ വളരെ ആശ്വാസവും പ്രത്യാശയും നല്കുന്നവയായിരുന്നു. പിന്നീടു് ബ്ലസഡ് ഫാമിലിയിലെ അംഗങ്ങളായ നിരവധിപേർ ഞങ്ങളെ വിളിക്കുകയും പ്രത്യാശാപൂർണ്ണമായ വചനങ്ങളാൽ ആശ്വസിപ്പിക്കുകയുംചെയ്തു.

2018 ഡിസംബർ മാസത്തിൽ ബ്ലെസഡ് ഫാമിലിയുടെ ആത്മീയഗുരുവായ ഫാ. ദാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ ബ്ലെസഡ് ഫാമിലിയിലെ അംഗങ്ങൾക്കുമാത്രമായിനടത്തിയ ധ്യാനത്തിൽ പങ്കെടുക്കാനായതും വലിയ ആത്മധൈര്യം നല്കി. മക്കൾ മരിച്ചുപോയതല്ല, ദൈവസന്നിധിയിലേക്കു മടങ്ങിപ്പോയതാണ് എന്നു മനസ്സിലാക്കാൻ സാധിച്ചതാണ് ആ ധ്യാനംനല്കിയ ഏറ്റവും വലിയനേട്ടം. സ്വർഗ്ഗത്തിൽ വീണ്ടുമവരെ കണ്ടുമുട്ടാനാകുമെന്ന ഉറപ്പ്, ഞങ്ങൾക്കിന്നുണ്ടു്."

"എന്തിനു രണ്ടുപേരെയും ഒരുമിച്ചു വിളിച്ചു, ഒരാളെയെങ്കിലും ഞങ്ങൾക്കു തന്നുകൂടായിരുന്നോയെന്ന് ചിലപ്പോഴെല്ലാം ഞങ്ങൾ പരസ്പരം പറയുകയും ദൈവത്തോടു പരാതിപ്പെടുകയുംചെയ്യാറുണ്ട്. അപ്പോഴെല്ലാം ഞങ്ങൾക്കുതോന്നും, കർത്താവിനു തെറ്റുപറ്റില്ലെന്ന്. ഞങ്ങളുടെ ആശയും ആശ്രയവുമായിരുന്ന മക്കളെ കർത്താവു തിരികെയെടുത്തെങ്കിൽ, അവിടുത്തേക്കു ഞങ്ങളെപ്പറ്റി വലിയ പദ്ധതിയുണ്ടാകും. അതെന്തെന്നു വെളിപ്പെടാനായി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണു ഞങ്ങൾ."  എബി പറഞ്ഞു.

രണ്ടുമക്കളും ദൈവസന്നിധിയിലേക്കു മടങ്ങിയിട്ട്, ആറുമാസംപോലും തികഞ്ഞില്ലെങ്കിലും തങ്ങളുടെ വേദനകൾ വലിയൊരു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഈ കുടുംബം വിശ്വാസിസമൂഹങ്ങൾക്കെല്ലാം മാതൃകയാണ്. കാലത്തിന്റെ തികവിൽ, തങ്ങളെക്കുറിച്ചുള്ള ദൈവഹിതമെന്തെന്നു പൂർണ്ണമായി തിരിച്ചറിയാനും അനേകർക്കുമുമ്പിൽ ക്രിസ്തുസാക്ഷ്യത്തിന്റെ പൊൻനാളമായി തെളിയാനും എബിയേയും സൂസനേയും ഈശോ അനുഗ്രഹിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.


------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

ദൈവികപദ്ധതികൾക്കുമുമ്പിൽ താഴ്മയോടെ

അമേരിക്കയിലെ കണക്ടിക്കട്ടിൽ താമസിക്കുന്ന സിബി ചെമ്മരപ്പള്ളി - ഷൈനി ദമ്പതിയുടെ ജോയൽ, ജെനി, ജെഫ്നി എന്നീ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജെഫ്നി. പത്തൊൻപതാം വയസ്സിലാണ് ഒരപകടത്തിലൂടെ ദൈവം ജെഫ്നിയെ തന്റെ സന്നിധിയിലേക്കു തിരികെവിളിച്ചത്.

സിബിയും ഷൈനിയും വിശ്വാസത്തിലുറച്ചവരായിരുന്നതിനാൽ മക്കളേയും വിശ്വാസവഴികളിൽത്തന്നെയാണു വളർത്തിയത്. തിന്മകളിൽവീഴാതിരിക്കാൻ എപ്പോഴും പ്രാർത്ഥനയിലായിരിക്കണമെന്നും ഞായറാഴ്ചകളിൽ ഒരു കാരണവശാലും വിശുദ്ധ കുർബ്ബാന മുടക്കരുതെന്നും ഉപദേശിച്ചിരുന്നു.

നിത്യവും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാനും ആഴ്ചയിൽ നാല് - അഞ്ചു ദിവസങ്ങൾ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും ഷൈനി സമയംകണ്ടെത്തിയിരുന്നു. 

ജെഫ്നിയുടെ വിയോഗത്തിനു് ഒരാഴ്ചമുമ്പു്  ഉപവാസത്തോടുകൂടെയുള്ള മൂന്നുദിവസത്തെ തപസ്സിൽ, ഷൈനി പങ്കെടുത്തിരുന്നു. അതിനെത്തുടർന്ന്, കാമ്പസുകളിൽ പഠിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി, ചില സുഹൃത്തുക്കളോടൊപ്പം  ജറീക്കോ പ്രാർത്ഥനയാരംഭിച്ചു. ഏഴുദിവസംകൊണ്ടു് അവസാനിക്കുന്ന ജറീക്കോ പ്രാർത്ഥനയുടെ ആറാംദിവസം വൈകുന്നേരമാണ്, ജെഫ്നി അപകടത്തിൽപ്പെട്ടു് നിത്യതയിലേക്കു യാത്രയായത്.

ഈ ദുരന്തത്തെ ദൈവകരങ്ങളിൽനിന്നേറ്റു വാങ്ങി, ഷൈനി പറയുന്നതു നമുക്കു ശ്രദ്ധിക്കാം.

എല്ലാ തിന്മകളിൽനിന്നും അപകടങ്ങളിൽനിന്നും മക്കളെ രക്ഷിക്കണമേയെന്ന നിയോഗത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇങ്ങനെയൊരപകടം സംഭവിച്ചുവെന്നറിഞ്ഞപ്പോൾ അതൊട്ടുംതന്നെ ഉൾക്കൊള്ളാനായില്ല... 

ഞങ്ങളുടെ മനസ്സുകൾക്ക് ഈ വാർത്ത പെട്ടെന്നു സ്വീകരിക്കാനായില്ലെങ്കിലും ആത്മസംയമനത്തോടെ പിടിച്ചു നില്ക്കാൻ പരിശുദ്ധാത്മാവ് ഞങ്ങൾക്കെല്ലാം ശക്തിനല്കിയിരുന്നു. ആ വാൾ ഞങ്ങളിലേക്കു തുളഞ്ഞുകയറിയിട്ടില്ലാത്തവിധത്തിൽ ശാന്തതയോടെ നില്കാനും എല്ലാക്കാര്യങ്ങളും വേണ്ടവിധംചെയ്യാനും ഞങ്ങൾക്കു സാധിച്ചു. അതെങ്ങനെയെന്ന് ഇന്നോർക്കുമ്പോൾ വലിയ അദ്ഭുതംതോന്നുന്നു. സംസ്കാരസമയത്തുപോലും വലിയ ശക്തിയും ധൈര്യവും ദൈവികസംരക്ഷണവും അനുഭവിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ കാപ്പ ഞങ്ങളെ പൊതിഞ്ഞിരുന്നു. 

മകളുടെ നിർജ്ജീവമായ ദേഹം, കണ്മുമ്പിൽ കാണുമ്പോഴും അവൾ ഈശോയോടൊപ്പമാണ്, ദിവ്യകാരുണ്യനാഥനോടൊപ്പമാണ് എന്ന ചിന്തയാണു മനസ്സിൽ നിറഞ്ഞിരുന്നതു്. ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് മൃതസംസ്കാര കർമ്മങ്ങൾനടന്നത്. ദിവ്യകാരുണ്യനാഥന്റെ സാന്നിദ്ധ്യത്തിന്റേതായ ഒരാത്മീയ അനുഭവം എനിക്കുമെന്റെ ഭർത്താവിനുമുണ്ടായി. മദ്ധ്യാഹ്നസൂര്യൻ ദിവ്യകാരുണ്യ ഈശോയെപ്പോലെ ഗോതമ്പപ്പമായി ഞങ്ങളുടെ ഹൃദയത്തിലേക്കു കടന്നുവരുന്നതായാണു ഞങ്ങൾക്കു രണ്ടാൾക്കുമനുഭവപ്പെട്ടതു്. അതുകൊണ്ടുതന്നെ മകളുടെ ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോഴും സങ്കടം തോന്നിയതേയില്ല.

പ്രാർത്ഥിക്കുന്ന ഒരുപാടുപേർ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നതും ഞങ്ങളെ ബലപ്പെടുത്തിയിരുന്നു.
ഈശോയേ, എന്താണിങ്ങനെ സംഭവിച്ചത്? നീയെന്തുകൊണ്ട് അവളെ രക്ഷിച്ചില്ലാ എന്ന ചോദ്യം പലപ്പോഴും എന്റെ ഹൃദയത്തിലുയർന്നിരുന്നെങ്കിലും  ഒരിക്കൽപ്പോലും ഈശോയെ കുറ്റപ്പെടുത്താനോ ചോദ്യംചെയ്യാനോ ഞാൻ തുനിഞ്ഞില്ലായെന്നതും വലിയ ദൈവകൃപമൂലമാകണം. 

മാദ്ധ്യമപ്രവർത്തകരും പോലീസുമെല്ലാം വീട്ടിൽവന്നപ്പോഴെല്ലാം ജപമാല കൈയിലുയർത്തിപ്പിടിച്ചാണു ഞാൻ അവരോടെല്ലാം സംസാരിച്ചത്. ജപമാല കൈയിൽനിന്നു താഴെവയ്ക്കാൻ അപ്പോഴൊന്നും എനിക്കു സാധിച്ചിരുന്നില്ല.

ജഫ്നി, അവളുടെ കാമ്പസിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നതിനാൽ അവളുടെ വിയോഗത്തിന്റെ പിറ്റേന്നാൾ രാത്രി, യൂണിവേഴ്സിറ്റിയിലെ കുട്ടികൾ, കാമ്പസിൽ അവൾക്കായി ജാഗരണം സംഘടിപ്പിച്ചിരുന്നു. മകളുടെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസമായിട്ടും ഞങ്ങൾ രണ്ടാൾക്കും അതിൽ പങ്കെടുക്കാനുള്ള മനഃസാന്നിദ്ധ്യം ലഭിച്ചു. ധാരാളം കുട്ടികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുത്ത ആ ജാഗരണത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ജഫ്നിയുടെ വിശ്വാസത്തേയും പ്രാർത്ഥനയേയുംകുറിച്ചുള്ള സാക്ഷ്യങ്ങൾമാത്രമാണു ഞാൻ പങ്കുവച്ചത്. മകളുടെ വിയോഗത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം ദൈവമഹത്വത്തെക്കുറിച്ചു പ്രഘോഷിക്കാൻ എനിക്കന്നു സാധിച്ചതു ദൈവകൃപയാൽമാത്രമാണ്.

ദൈവികപദ്ധതിയുടെ ഭാഗമായാണ് ഈ അപകടം സംഭവിച്ചിട്ടുള്ളത്. അല്ലെങ്കിൽ തീർച്ചയായും ഈശോയ്ക്കു് ഇതൊഴിവാക്കാമായിരുന്നു. കാരണം വളരെ അസ്വാഭാവികമായ സാഹചര്യത്തിലാണ് ഈ അപകടംനടന്നത്. കാമ്പസിന്റെ മൈതാനത്തിലിരുന്ന കുട്ടിയുടെമേൽ ഫയർസർവ്വീസ് വാഹനമിടിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്.

ജഫ്നിക്ക് അപകടമുണ്ടായ അതേ രാത്രിയിൽ, അറ്റ്ലാന്റയിൽനടന്ന  ജാഗരണപ്രാർത്ഥനയിൽ, രാത്രി പന്ത്രണ്ടുമണിക്ക്, ഈശോ ഒരു സന്ദേശം നല്കിയിരുന്നു. കുന്നിൻമുകളിലുള്ള ഒരു കാമ്പസിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു കുട്ടി ഇന്നു മരിക്കാൻ പോകുന്നു. ആ കുട്ടിക്കായി ഒരു മണിക്കൂർ സ്തുതിച്ചു പ്രാർത്ഥിക്കുക എന്നതായിരുന്നു ആ സന്ദേശം. അവർ പന്ത്രണ്ടുമണിമുതൽ രണ്ടുമണിവരെ സ്തുതിച്ചു പ്രാർത്ഥിക്കുകയുംചെയ്തു. പോലീസ് റെക്കോഡിൽ ജഫ്നിയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് പുലർച്ചെ 1:15നാണ്. 

അതുപോലെ മറ്റുപലർക്കും സന്ദേശങ്ങൾകിട്ടിയതായി ഞങ്ങളോടു പങ്കുവച്ചിട്ടുണ്ട്. ഇത്രയേറെ സന്ദേശങ്ങൾ നല്കാമെങ്കിൽ അവളുടെ മരണം ഈശോയ്ക്ക് ഒഴിവാക്കാമായിരുന്നു. കാരണം അവളുടെ മരണംനടന്ന സാഹചര്യങ്ങളിൽ ഇനിയുമുത്തരംകിട്ടാത്ത ചില ചോദ്യങ്ങളും ദുരൂഹതകളുമുണ്ടു്. ഈശോ ജെഫ്നിയുടെ മരണം ഒഴിവാക്കിയില്ലെങ്കിൽ, അതിനുപിന്നിൽ എന്തോ വലിയ ദൈവികപദ്ധതിയുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ആ ദൈവികപദ്ധതിയെന്തെന്നു വെളിപ്പെടുത്തിത്തരണമേയെന്നുമാത്രമാണു ഞങ്ങളുടെ പ്രാർത്ഥന.

ബ്ലെസഡ് ഫാമിലിയെക്കുറിച്ചും രേണുച്ചേച്ചിയെക്കുറിച്ചും എന്റെ ഭർത്താവിന്റെ ഒരു കസിൻവഴി ഞാൻ കേട്ടിട്ടുണ്ടായിരുന്നു. മകളുടെ വിയോഗത്തിനുശേഷം, രേണുച്ചേച്ചിയെ വിളിക്കാൻ ആ കസിൻ എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ വിളിച്ചില്ല. എന്നാൽ യാദൃശ്ചികമായി രേണുച്ചേച്ചിയുടെ സാക്ഷ്യം കേൾക്കാനിടയായപ്പോഴാണ്, ഞാൻ ചേച്ചിയെ വിളിക്കുകയും ഈ കൂട്ടായ്മയിൽ അംഗമാവുകയുംചെയ്തത്.

വലിയ ആത്മീയശക്തിനല്കുന്ന ഒരു കൂട്ടായ്മയാണു ബ്ലെസഡ് ഫാമിലി. ഇക്കഴിഞ്ഞ മാർച്ച് 22-23 തീയതികളിൽ പവിത്രമായ വിവാഹബന്ധങ്ങൾക്കായി, വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അമേരിക്കയിലുടനീളംനടത്തിയ ജപമാലറാലിയിൽ ക്യാപ്റ്റനായി പ്രവർത്തിക്കാൻ അതിന്റെ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. 

താല്പര്യമുണ്ടായിരുന്നെങ്കിലും എനിക്കെന്തോ ഭയംതോന്നി. ഇക്കാര്യം ഞാൻ ബ്ലെസഡ് ഫാമിലിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലറിയിച്ചപ്പോൾ അവർ എന്നെ ധൈര്യപ്പെടുത്തുകയും പ്രാർത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ആ പ്രാർത്ഥനകൾ നല്കിയ ശക്തിയിൽ ദൗത്യമേറ്റെടുക്കാനും വിജയിപ്പിക്കാനും ദൈവം എന്നെ സഹായിച്ചു. 

അതുപോലെ എല്ലാ ശുശ്രൂഷകളിലും ബ്ലെസഡ് ഫാമിലിയുടെ പ്രാർത്ഥനകൾ എന്നെ സഹായിക്കുകയും ബലപ്പെടുത്തുകയുംചെയ്യുന്നുണ്ടു്.

------------------------

2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

ദുരിതങ്ങള്‍ എനിക്കുപകാരമായി...

 2013 ജൂലൈയിലെ മാസാദ്യവെള്ളിയാഴ്ചയാണ് ജയിംസ് ദൈവതിരുമുമ്പിലേയ്ക്കു മടങ്ങിപ്പോയത്.

തിരുവല്ല സ്വദേശികളായ ബാബു - മോളി ദമ്പതിയുടെ രണ്ടുമക്കളിൽ ഇളയവനായിരുന്നു ജയിംസ്. മൂത്തതു മകൾ, അനു. ക്രിസ്തീയകുടുംബമെന്ന നിലയിൽ,  കുടുംബ പ്രാർത്ഥനകളും ജപമാലയും ഞായറാഴ്ചകളിൽ ദിവ്യബലിയർപ്പണവും മുടക്കാത്ത ശരാശരി വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു ബാബുവിന്റേത്. 

എന്നാൽ എപ്പോഴും ജപമാലചൊല്ലാനും നോമ്പെടുത്തു പ്രാർത്ഥിക്കാനും താല്പര്യംകാണിച്ചിരുന്നയാളായിരുന്നു ജയിംസ്. വിശുദ്ധനാടുകളൂം യൂറോപ്പിലെ തീർത്ഥാടനകേന്ദ്രങ്ങളുമെല്ലാം സന്ദർശിക്കാനുള്ള അവസരവും ദൈവം ജയിംസിനു നല്കി.

നാട്ടിൽ എഞ്ചിനീയറിംഗ് ബിരുദപഠനം പൂർത്തിയാക്കിയ ജയിംസ്, നെതർലൻഡ്സിൽനിന്നാണ് എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടിയത്. അവിടെത്തന്നെ ജോലിയിൽപ്രവേശിക്കാനും ജയിംസിനു കഴിഞ്ഞു. എന്നാൽ ആറുമാസത്തിനപ്പുറം 2013 ജൂൺ 23ന് ഒരു വാഹനാപകടത്തിൽ, ഗുരുതരമായി പരുക്കേറ്റ ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പതിമൂന്നാമത്തെ ദിവസം, ജൂലൈ 5 ന്, ഇരുപത്തിയാറാംവയസ്സിൽ, ആ യുവാവ്, തന്റെ ലോകജീവിതമവസാനിപ്പിച്ചു നിത്യതയിലേക്കു മടങ്ങിപ്പോയി.

ജയിംസിന്റെ മരണം, കുടുംബത്തിനു വലിയ ആഘാതമാണു നല്കിയത്. മറ്റുള്ളവരുമായി ഇടപെടാനോ സംസാരിക്കാനോപോലും താല്പര്യപ്പെടാതെ എല്ലാത്തിൽനിന്നുമുൾവലിഞ്ഞ ജീവിതമായി കുടുംബാംഗങ്ങളെല്ലാവരും. പതിവുരീതിയിലുള്ള പ്രാർത്ഥനകളെല്ലാമുണ്ടായിരുന്നു. ഇടയ്ക്കു ചില ധ്യാനങ്ങളിലും സംബന്ധിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വൈദികരുമെല്ലാം ആശ്വാസവാക്കുകളുമായി വന്നെത്തി. എങ്കിലും ഒന്നിലും പ്രത്യാശയർപ്പിക്കാനാവുമായിരുന്നില്ല. നിരാശാപൂർണ്ണമായ രണ്ടു വർഷത്തിലധികം അങ്ങനെ കടന്നുപോയി.

ആ സമയത്താണ് തികച്ചും അപരിചിതയായ ഒരു സ്ത്രീയുടെ ഫോൺകോൾ മോളിയെത്തേടിയെത്തിയതു്. സമാനമായ ദുഃഖത്തിൽക്കഴിഞ്ഞിരുന്ന, രേണു എന്ന സഹോദരിയായിരുന്നു അതു്. തിരുവനന്തപുരത്തു താമസിക്കുന്ന, മോളിയുടെ ഒരു ബന്ധുവഴിയാണ് രേണു മോളിയെക്കുറിച്ചു കേട്ടറിഞ്ഞത്.
മോളിയനുഭവിക്കുന്ന, അതേ ദുഃഖത്തിലൂടെ കടന്നുപോകുന്ന ആളായതുകൊണ്ടാകാം, രേണുവിന്റെ വാക്കുകൾ അതുവരെയുണ്ടായിരുന്ന നിരാശയിൽനിന്നു മെല്ലെ പ്രത്യാശയിലേക്കു കടന്നുവരാൻ മോളിയെ സഹായിച്ചു. 

പിന്നീടു പലതവണ രേണുവുമായി ഫോണിൽ സംസാരിച്ചു. നഷ്ടപ്പെട്ടെന്നു കരുതുന്ന പുത്രനെ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രത്യാശ, രേണുവിന്റെ വാക്കുകളിൽനിന്നാണു ലഭിച്ചത്. അതു ജീവിതത്തിനു പുതിയൊരൂർജ്ജം പകർന്നു.

അതോടെ  പ്രാർത്ഥന ജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറി. പുലർച്ചെ മൂന്നുമണിക്കുണർന്ന്, ജപമാലയും കരുണക്കൊന്തയും ചൊല്ലും. അരമണിക്കൂർ തിരുവചന വായനയ്ക്കായി മാറ്റിവയ്ക്കും. അഞ്ചുമണിവരെ നീളുന്ന പ്രാർത്ഥനകൾ വലിയ അനുഗ്രഹദായകമായി അനുഭവപ്പെട്ടു. 

പിന്നെയും കുറച്ചേറെ നാളുകൾക്കുശേഷമാണ്, ബഹുമാനപ്പെട്ട ദാനിയേൽ പൂവണ്ണത്തിലച്ചന്റെ ആത്മീയനേതൃത്വത്തിൽ, മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കായി, ബ്ലെസഡ് ഫാമിലി എന്നൊരു കൂട്ടായ്മയ്ക്കു രേണു തുടക്കമിട്ടത്. മോളിയടക്കം ഏഴുപേരാണ് തുടക്കത്തിൽ ബ്ലെസഡ് ഫാമിലിയിലുണ്ടായിരുന്നത്. പ്രത്യാശനല്കുന്ന തിരുവചനങ്ങളിലൂടെ പരസ്പരം ആശ്വസിപ്പിക്കാനും പ്രാർത്ഥനയിൽ വളരാനും ബ്ലെസഡ് ഫാമിലിയെന്ന കൂട്ടായ്മ സഹായിക്കുന്നു. തങ്ങളുടേതിനു സമാനമായ ദുഃഖത്തിൽക്കഴിയുന്ന അമ്മമാരെക്കുറിച്ചറിഞ്ഞാൽ, ഫോണിൽ വിളിച്ചോ, നേരിൽചെന്നു കണ്ടോ ആശ്വസിപ്പിക്കാനും ബ്ലസഡ് ഫാമിലിയിലെ എല്ലാവരും ശ്രമിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനംമൂലം അത് എല്ലായ്പ്പോഴും ഫലമണിയുന്നു.
ജീവിതത്തിനിന്ന് പുതിയൊരർത്ഥവും പ്രത്യാശയുമുണ്ടു്. 

ഭൗതികമായ ഒരു നേട്ടവും നിത്യജീവനേക്കാൾ വലുതല്ലെന്നു മനസ്സിലാക്കാനായതാണ്, ഏറ്റവും വലിയനേട്ടം. "ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍, അങ്ങയുടെ ചട്ടങ്ങളഭ്യസിച്ചുവല്ലോ." (സങ്കീര്‍ത്തനങ്ങള്‍ 119:71)
മകന്റെ ഓർമ്മകൾ ഇപ്പോഴും ദുഃഖമുണർത്തുന്നുണ്ട്, എങ്കിലും അതു ദൈവത്തിന്റെ ഹിതമാണെന്നു തിരിച്ചറിഞ്ഞ്, പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു. 

ഇന്ന്, പുത്രദുഃഖമനുഭവിക്കുന്ന ഒരുപാട് അമ്മമാരെ ആശ്വസിപ്പിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവസരംനല്കുന്ന കർത്താവിനു ഹൃദയപൂർവ്വം നന്ദിപറയുകയാണു മോളി.
-------------------------------------------------------------------------------

2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

2019 മേയ് 1, ബുധനാഴ്‌ച

തന്റെ വിശുദ്ധരുടെ മരണം, കർത്താവിനമൂല്യമാണ്.

ന്യൂജഴ്സി സെന്റ്. തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ വികാരിയായ ഫാ. ജേക്കബ് ജോസിന്റെയും (ജോസച്ചൻ) ജോളിയുടെയും മൂന്നു മക്കളിൽ മൂത്തയാളായിരുന്നു ജോസഫ് ജേക്കബ് (ജോയി). ക്രിസ്റ്റീൻ, ജാസ്മിൻ എന്നിവരുടെ ഏകസഹോദരൻ. 

ക്രിസ്തീയവിശ്വാസത്തിലും പ്രാർത്ഥനകളിലും അടിയുറച്ചുതന്നെയാണ്, കുട്ടികൾ മൂന്നുപേരും വളർന്നുവന്നത്. കുടുംബപ്രാർത്ഥനകൾക്കും ദൈവാലയശുശ്രൂഷകൾക്കുംപുറമേ, വ്യക്തിപരമായ പ്രാർത്ഥനകൾക്കും അവർ സമയംകണ്ടെത്തിയിരുന്നു. എങ്കിലും അമേരിക്കയിൽവളരുന്ന കുട്ടികളായതിനാൽ,  അവർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാതിരിക്കാനായി, ജോളി ഉപവാസത്തോടെ പ്രാർത്ഥിക്കുകയും വചനം വായിക്കുകയുംചെയ്തിരുന്നു. 

ഒരു പുരോഹിതന്റെ മകനെന്നനിലയിൽ, ജോയിയും പിതാവിനെപ്പോലെയാകണമെന്നു ജോളിയാഗ്രഹിച്ചിരുന്നു. മകൻ ദൈവത്തോടു കൂടുതലടുക്കണമെന്ന ആഗ്രഹത്തോടെയാണു ജോളി എപ്പോഴും പ്രാർത്ഥിച്ചിരുന്നതു്.

സമയലഭ്യതയുള്ളപ്പോഴെല്ലാം യൂട്യൂബിൽ, ദാനിയേൽ പൂവണ്ണത്തിലച്ചന്റെ പ്രസംഗങ്ങൾ ജോളി കേൾക്കാറുണ്ടായിരുന്നു. അങ്ങനെയാണ്, ദിവസവും അരമണിക്കൂർവീതം മൂന്നുമാസം മുടങ്ങാതെ വിശുദ്ധബൈബിൾ വായിക്കുന്നവർ, ആഗ്രഹിക്കുന്ന ഏതുകാര്യവും ദൈവം സാദ്ധ്യമാക്കുമെന്ന പ്രസംഗം കേൾക്കാനിടയായത്. അച്ചന്റെ വാക്കുകൾ, പൂർണ്ണമായും ഹൃദയത്തിൽ വിശ്വസിച്ചുകൊണ്ട്, 2018 മാർച്ച് 18 മുതൽ ജൂൺ 18 വരെ, ദിവസവും അരമണിക്കൂർവീതം, മൂന്നുമാസക്കാലം മുടങ്ങാതെ ബൈബിൾ വായിച്ചു. 

രണ്ടാഴ്ചകൾക്കപ്പുറം, ജൂലൈ മൂന്നാംതിയതി, ചൊവ്വാഴ്ച പുലർച്ചെ, ജോളിയെത്തേടി ഒരു ദുരന്തവാർത്തയാണെത്തിയത്. 

ജോയി ഓടിച്ചിരുന്ന ബൈക്ക്, റോഡിൽ മറിഞ്ഞനിലയിൽ കണ്ടെത്തിയെന്നും ജോയിയെ കാണാനില്ലെന്നുമറിയിച്ചുകൊണ്ടു്, ചില പോലീസ് ഉദ്യോഗസ്ഥർ, നേരംപുലർന്നപ്പോൾത്തന്നെ ജോസച്ചന്റെ വീട്ടിലെത്തി. പോലിസുകാരുടെ സന്ദേശം വീട്ടിലെല്ലാവരേയും ആകുലരാക്കി. 

ജോളി, പരിഭ്രാന്തിയോടെ വിശുദ്ധബൈബിൾ തുറന്നുവായിച്ചു.
"ജനതകളേ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്‌ത്തുവിന്‍.
നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്‌; കര്‍ത്താവിൻ്റെ വിശ്വസ്‌തത എന്നേയ്ക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍." (സങ്കീര്‍ത്തനങ്ങള്‍ 117:1-2) എന്ന സങ്കീർത്തനഭാഗമാണ് ആദ്യം ദൃഷ്ടിയിൽപെട്ടത്. 

തൊട്ടുമുകളിലുള്ള സങ്കീർത്തനം വായിക്കാൻ ഒരു പ്രേരണയുണ്ടായതിനാൽ, അതുകൂടെ  വായിച്ചുതുടങ്ങി. "ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എൻ്റെ പ്രാര്‍ത്ഥനയുടെ സ്വരം, അവിടുന്നു ശ്രവിച്ചു." എന്നു തുടങ്ങുന്ന 116-ാം സങ്കീർത്തനത്തിന്റെ 15-ാം വാക്യമിങ്ങനെയായിരുന്നു: "തൻ്റെ വിശുദ്ധരുടെ മരണം, കര്‍ത്താവിനമൂല്യമാണ്‌." 116-ാം സങ്കീർത്തനത്തിന്റെ മുഴുവൻ വാക്യങ്ങളും മനസ്സിൽത്തട്ടിയാണു ജോളി വായിച്ചുതീർത്തത്.

"കർത്താവിന്റെ പദ്ധതികളെ ഞാനൊരിക്കലും ചോദ്യംചെയ്യില്ല. ദൈവം തന്നെങ്കിൽ, തിരികെയെടുക്കാനും ദൈവത്തിനധികാരമുണ്ടു്..." ജോളി സ്വന്തം മനസ്സിനെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻശ്രമിച്ചു.
മകനുവേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ജോളി ഇങ്ങനെയാണു പ്രാർത്ഥിച്ചിരുന്നത്. "ദൈവത്തിനു് അവനെക്കുറിച്ചുള്ള പദ്ധതി, എന്തുതന്നെയായാലും നിൻ്റെ പദ്ധതികൾ അവനിൽ നിറവേറുമ്പോൾ അതിനെയുൾക്കൊള്ളാൻ എനിക്കു കൃപതരേണമേ!" ആ കൃപ കർത്താവ് അപ്പോൾ ജോളിയിലേയ്ക്കു ചൊരിയുന്നുണ്ടായിരുന്നു.

പിന്നീട്, റോഡരികിലെ മരങ്ങൾക്കിടയിലേക്കു തെറിച്ചുവീണനിലയിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോൾ ജോളി ഉറക്കെ പ്രാർത്ഥിച്ചു: "ദൈവമേ, അവൻ്റെയാത്മാവിനെ അങ്ങു സ്വീകരിക്കണമേ, അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും മടിയിൽ അവനെ പാർപ്പിക്കണമേ... നിനക്ക്, എൻ്റെ കൃപമതിയെന്നു പൗലോസിനോടു പറഞ്ഞ കർത്താവേ, നിൻ്റെ കൃപയാൽ എന്നെ താങ്ങിനിറുത്തേണമേ! ഇതിൽക്കൂടെ കടന്നുപോകാൻ എനിക്കു നിൻ്റെ കൃപ നല്കേണമേ!" കർത്താവു തൻ്റെ കൃപയാൽ ആ കുടുംബാംഗങ്ങളെയെല്ലാം താങ്ങി.

"എൻ്റെയാത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക; കര്‍ത്താവു നിൻ്റെമേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. അവിടുന്നെൻ്റെ പ്രാണനെ മരണത്തില്‍നിന്നും ദൃഷ്‌ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നും മോചിപ്പിച്ചിരിക്കുന്നു."  (സങ്കീര്‍ത്തനങ്ങള്‍ 116: 7 - 8)

"എൻ്റെ മകൻ ദീർഘകാലം ജീവിച്ചിരിക്കുകയും ലോകത്തിൻ്റെ മോഹങ്ങളിൽ കുരുങ്ങിപ്പോകുകയുംചെയ്യുന്നതിനേക്കാൾ എത്രയോ അനുഗൃഹീതമാണ്, വിശ്വാസത്തിലും പ്രാർത്ഥനയിലുമായിരിക്കുമ്പോൾ അവൻ കർത്താവിൻ്റെ പക്കലേയ്ക്കു മടങ്ങിപ്പോയത്!" ജോളി പറയുന്നു.

തൻ്റെ ഇരുപത്തിയഞ്ചാംവയസ്സിൽ, ഒരു വാഹനാപകടത്തിൽ, തങ്ങളുടെ പുത്രൻ ദൈവസന്നിധിയിലേയ്ക്കു യാത്രയായെങ്കിലും ആ മാതാപിതാക്കൾ ദൈവത്തെപ്പഴിച്ചില്ലാ..

ജോയിയുടെ മരണവാർത്തയറിഞ്ഞ്, ബ്ലസഡ് ഫാമിലിയെന്ന ആത്മീയ്ക്കൂട്ടായ്മയ്ക്കു നേതൃത്വംനല്കുന്ന രേണുച്ചേച്ചി ജോളിയെ വിളിച്ചു സംസാരിക്കുകയും ആശ്വസിപ്പിക്കുകയുംചെയ്തു. ദാനിയൽ അച്ചന്റെ പ്രസംഗംകേട്ടതിന്റെ വെളിച്ചത്തിൽ, ദിവസവും അരമണിക്കൂർവീതം മൂന്നുമാസം മുടങ്ങാതെ ബൈബിൾ വായിച്ചകാര്യം ജോളി, രേണുച്ചേച്ചിയോടു പറഞ്ഞു. 

''ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുണ്ട്. എന്നാൽ നമ്മളാഗ്രഹിക്കുന്നതുപോലെയാകണമെന്നില്ലാ, ദൈവമതിനുത്തരം നല്കുന്നത്. അതു ദൈവത്തിൻ്റെ തീരുമാനമാണ്. ആ തീരുമാനം ദൈവവമെന്നിൽ നടപ്പിലാക്കി.. ഇരുകരങ്ങളുംനീട്ടി, ഞാനതു സ്വീകരിക്കുന്നു." ജോളി ഒട്ടും പതറാതെ പറയുന്നു..

ഇന്ന്, രേണുവിൻ്റെ നേതൃത്വത്തിലുള്ള ബ്ലസഡ് ഫാമിലിയുടെ സജീവാംഗങ്ങളിലൊരാളാണു ജോളി. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെക്കുറിച്ചോ, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെക്കുറിച്ചോ അറിഞ്ഞാൽ അവർക്കാശ്വാസവും സാന്ത്വനവും നല്കാനും കർത്താവിന്റെ വചനവും സ്നേഹവും പകർന്നുനല്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയാണു ജോളി. 

പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കുംനടുവിലും പ്രാർത്ഥിക്കാനും വചനംവായിക്കാനും ദൈവസ്നേഹത്തിൻ്റെ സാക്ഷിയാകാനും ദൈവമനുഗ്രഹിക്കുന്നതിനെപ്രതി, ജോളി എന്നും ദൈവത്തിനു നന്ദിപറയുന്നു.
-------------------------------------------------------------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

ആത്മാക്കളെത്തരിക...

"ആത്മാക്കളെത്തരിക, എന്റെ സർവ്വവുമെടുത്തുകൊൾക...."

ചെത്തിപ്പുഴ കാർമ്മൽ മൗണ്ടു് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകയായിരുന്ന ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശിനി ലിസമ്മയുടെ ഹൃദയത്തിൽ ഈ ഗാനം പതിഞ്ഞത്, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ, ശുശ്രൂഷകർക്കുമാത്രമായി ബ്രദർ ഇടുക്കി തങ്കച്ചൻ നയിച്ച ധ്യാനത്തിൽ പങ്കെടുക്കുമ്പോഴാണ്. 

എന്നാൽ എന്തുകൊണ്ടോ ആ ഗാനത്തിന്റെ വരികളുൾക്കൊള്ളാൻ അവർക്കായില്ല. എങ്കിലും തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തിയാണു താൻ ജപമാലചൊല്ലുന്നതെന്ന ബ്രദർ തങ്കച്ചന്റെ സാക്ഷ്യം ലിസമ്മയെ സ്വാധീനിച്ചു. തന്റെ ആത്മീയഗുരുവായ ചെത്തിപ്പുഴ ധ്യാനകേന്ദ്രത്തിലെ സിസ്റ്ററുമായി പ്രാർത്ഥനാപൂർവ്വം സംസാരിച്ചശേഷം, ലിസമ്മയും തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തി, ദിവസവും ജപമാലചൊല്ലിത്തുടങ്ങി. അപ്പോഴെല്ലാം ഹൃദയത്തിലേയ്ക്കു് ആ ഗാനശകലം വീണ്ടുമെത്തിക്കൊണ്ടിരുന്നു. "ആത്മാക്കളെത്തരിക, എന്റെ സർവ്വവുമെടുത്തുകൊൾക...."
എന്നാൽ ഓരോതവണയും ഇതെനിക്കുള്ളതല്ലാ എന്ന ചിന്തയോടെ അതു തള്ളിക്കളഞ്ഞു.

അട്ടപ്പാടിയിലെ ധ്യാനത്തിനുശേഷം ഒരു മാസംകഴിഞ്ഞപ്പോൾ മറ്റൊരു ധ്യാനത്തിൽക്കൂടെ സംബന്ധിക്കാൻ കർത്താവ് അവസരമൊരുക്കി.
മകൾ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയപ്പോഴായിരുന്നൂ അത്. കുടുംബം, ഒന്നിച്ചു ധ്യാനത്തിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മകന്റെ എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ ആരംഭിക്കുന്നതിനാലും മകൾക്കു അവധിനീട്ടാൻ സാധിക്കാത്തതിനാലും മകളും മാതാപിതാക്കളും ധ്യാനത്തിൽ സംബന്ധിച്ചു. മകന്റെ പരീക്ഷകൾക്കുശേഷം ധ്യാനത്തിൽ പങ്കെടുക്കാനാകുംവിധം, മകനുവേണ്ടി സീറ്റു ബുക്കുചെയ്യുകയുംചെയ്തു. 

വലിയ ആത്മീയസന്തോഷത്തോടെയാണ് എല്ലാവരും ധ്യാനംകഴിഞ്ഞെത്തിയത്. മകൻ, ക്രിസ്റ്റഫറിന്റെ ബി.ടെക്.  അവസാനസെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു. എന്നാൽ ധ്യാനത്തിനു സംബന്ധിക്കേണ്ട ദിവസങ്ങൾ എത്തുന്നതിനുമുമ്പേ, 2012 ജൂൺ 14ന് കർത്താവ്, അവനെ തിരികെവിളിച്ചു. ഒരു ബൈക്ക് ആക്സിഡൻഡായാണ് ആ ദുരന്തമെത്തിയത്.

ധ്യാനത്തിൽസംബന്ധിച്ചു തിരികെയെത്തിയിട്ട്, ഏറെ ദിവസങ്ങളായിരുന്നില്ലെങ്കിലും ക്രിസ്റ്റഫറിന്റെ അപകടമരണം കുടുംബത്തെ ആകെയുലച്ചുകളഞ്ഞു. ലിസമ്മയും ഭർത്താവും ജോബിന്റെ പുസ്തകത്തിലെ വചനങ്ങൾ ആവർത്തിച്ചു പറഞ്ഞ്, ആശ്വസിക്കാനും പ്രാർത്ഥിക്കാനും ശ്രമിച്ചിരുന്നു എങ്കിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും ചുറ്റുപാടുകളിൽനിന്നുമെല്ലാമകന്ന് ഒറ്റപ്പെട്ട തുരുത്തുപോലെയായി ജീവിതം. 

മകൾക്കാകട്ടെ, സഹോദരന്റെ മരണം ഒട്ടുമുൾക്കൊള്ളാൻ കഴിഞ്ഞിരുന്നുമില്ല. കുടുംബത്തിലെ എല്ലാവരേയും പൂർണ്ണമായും സംരക്ഷിക്കണമേയെന്നുമാത്രമേ ധ്യാനത്തിലുടനീളം ഞാൻ പ്രാർത്ഥിച്ചിരുന്നുള്ളൂ. എന്നിട്ടും എന്റെ ആങ്ങളയെ കർത്താവു കാത്തില്ലല്ലോയെന്ന് അവളെപ്പോഴും ആവലാതിപ്പെട്ടു.

നാലരവർഷത്തോളം അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കേ, എൽഎൽഎം ഹോസ്പിറ്റലിൽ ഒരു രോഗിയുമായി പോകാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അവിടെവച്ച്, ഡോ. സിസ്റ്റർ മാർസലെസിനെ പരിചയപ്പെടാനിടയായി. ബ്ലെസഡ് ഫാമിലി എന്ന കൂട്ടായ്മയെക്കുറിച്ചും അതിന്റെ അമരക്കാരിയായ രേണുവിനെക്കുറിച്ചും ഡോ. മാർസലെസാണു പറഞ്ഞത്. 

രേണുവിന്റെ നമ്പർ ഡോ. മാർസലെസ് നല്കിയിരുന്നെങ്കിലും വിളിക്കാൻതോന്നിയില്ല. ബ്ലെസഡ് ഫാമിലി എന്ന പേരുപോലും ഉൾക്കൊള്ളാനാകുമായിരുന്നില്ല. 

എന്നാൽ ഒരു ദിവസം, തികച്ചും അപ്രതീക്ഷിതമായി രേണുവിന്റെ ഫോൺകോൾ ലിസമ്മയെത്തേടിയെത്തി.
ആ ഫോൺ സംസാരംതന്നെ വലിയൊരഭിഷേകമാണു നല്കിയത്. രേണുവിന്റെ വാക്കുകൾ ഹൃദയത്തിനാശ്വാസമായി. എല്ലാത്തിൽനിന്നും ഉൾവലിയാനുള്ള ചിന്തകൾ മനസ്സിൽനിന്നു വിട്ടുപോയി. അതേത്തുടർന്നു് ബ്ലെസഡ് ഫാമിലി എന്ന കൂട്ടായ്മയിൽ അംഗമാകുകയുംചെയ്തു. 

മകന്റെ ഒരു ഫോട്ടോ അയച്ചുകൊടുക്കാൻ രേണു ആവശ്യപ്പെട്ടു. കഴിഞ്ഞ നാലരവർഷക്കാലത്തിനിടെ മകന്റെ ഫോട്ടോയിൽ ഒന്നു നോക്കാൻപോലും മനക്കരുത്തില്ലാതിരുന്ന ലിസമ്മയെ ആ അവസ്ഥയിൽനിന്നുകൂടെ അന്നു കർത്താവു മോചിപ്പിച്ചു.
തുടർന്നു് ലിസമ്മയുടെ കുടുംബാംഗങ്ങളെല്ലാവരുമായി രേണു സംസാരിച്ചു. സഹോദരന്റെ മരണമുണ്ടാക്കിയ വലിയ ദുഃഖത്തിൽനിന്നു മകളെ കൈപിടിച്ചുയർത്തിയതും ബ്ലസഡ് ഫാമിലിയിലൂടെയും രേണുവിലൂടെയുമുള്ള കർത്താവിന്റെ പ്രവർത്തനംമൂലമാണ്.

ബ്ലസഡ് ഫാമിലിയുമായിച്ചേർന്നു പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ, കുടുംബത്തിൽ വീണ്ടും വലിയ പ്രത്യാശയും സമാധാനവും നിറഞ്ഞു. മകന്റെ വിയോഗത്തിനുശേഷം ഉറക്കഗുളിക കഴിച്ചുമാത്രം ഉറങ്ങാൻകഴിഞ്ഞിരുന്ന ലിസമ്മയെ, ആ അവസ്ഥയിൽനിന്നു കർത്താവു മോചിപ്പിച്ചു. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നിത്യതയിൽ വീണ്ടും ക്രിസ്റ്റഫറിനെ കണ്ടുമുട്ടാനാകുമെന്നുമുള്ള സത്യം തിരിച്ചറിയാൻ ബ്ലെസഡ് ഫാമിലിയോടൊപ്പമുള്ള പ്രാർത്ഥനാജീവിതം സഹായിച്ചു.

ഇന്ന്, സമാനമായ ദുഃഖത്തിലൂടെ കടന്നുപോകുന്ന പലർക്കും ആശ്വാസംപകരാനും അത്തരത്തിലുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാനും ദൈവം അവസരങ്ങളൊരുക്കുന്നു.
വചനം പഠിക്കുവാൻ തീവ്രമായി ആഗ്രഹിക്കുകയും പഠിക്കുകയുംചെയ്യുന്നു. 

വചനം പഠിക്കുകയെന്ന നിയോഗം മുൻനിർത്തി, ദിവസവും മാതാവിന്റെ സ്തോത്രഗീതംചൊല്ലുകയും മാംസാഹാരം പൂർണ്ണമായുമുപേക്ഷിക്കുകയുംചെയ്തിരിക്കുന്നു.
ദിവസവും അരമണിക്കൂർ ബൈബിൾ വായിക്കാനും  ദിവ്യബലിയിലും സപ്രയിലുംമറ്റും സംബന്ധിക്കുവാനും ദൈവകൃപയാൽ ഇന്നു സാധിക്കുന്നുണ്ട്. എല്ലാദിവസവും സിമിത്തേരിയിൽപ്പോകുവാനും മകനുവേണ്ടിയും നിത്യജീവനിലേയ്ക്കു യാത്രയായ എല്ലാ ആത്മാക്കൾക്കുവേണ്ടിയും വിശുദ്ധ ജർത്രൂദിന്റെ പ്രാർത്ഥനചൊല്ലാനും ദൈവാനുഗ്രഹത്താൽ സാധിക്കുന്നുണ്ട്.

വിശ്വാസത്തിൽനിന്ന് അകന്നുജീവിക്കുന്നവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കഴിയുന്നവരുമായ യുവതീയുവാക്കളെ ഓരോ ദിവ്യബലിയിലും സമർപ്പിച്ചു പ്രാർത്ഥിക്കാൻ കർത്താവു കൃപനല്കിയിട്ടുണ്ടു്.
ഇന്ന്, തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തി, ജപമാലചൊല്ലുമ്പോൾ പണ്ട് അട്ടപ്പാടിയിലെ ധ്യാനത്തിൽക്കേട്ട ഗാനത്തിന്റെ അർത്ഥം, ലിസമ്മയ്ക്കു തിരിച്ചറിയാനാകുന്നു...

"ആത്മാക്കളെത്തരിക, എന്റെ സർവ്വവുമെടുത്തുകൊൾക...."
------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്