ചെത്തിപ്പുഴ കാർമ്മൽ മൗണ്ടു് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകയായിരുന്ന ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശിനി ലിസമ്മയുടെ ഹൃദയത്തിൽ ഈ ഗാനം പതിഞ്ഞത്, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ, ശുശ്രൂഷകർക്കുമാത്രമായി ബ്രദർ ഇടുക്കി തങ്കച്ചൻ നയിച്ച ധ്യാനത്തിൽ പങ്കെടുക്കുമ്പോഴാണ്.
എന്നാൽ എന്തുകൊണ്ടോ ആ ഗാനത്തിന്റെ വരികളുൾക്കൊള്ളാൻ അവർക്കായില്ല. എങ്കിലും തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തിയാണു താൻ ജപമാലചൊല്ലുന്നതെന്ന ബ്രദർ തങ്കച്ചന്റെ സാക്ഷ്യം ലിസമ്മയെ സ്വാധീനിച്ചു. തന്റെ ആത്മീയഗുരുവായ ചെത്തിപ്പുഴ ധ്യാനകേന്ദ്രത്തിലെ സിസ്റ്ററുമായി പ്രാർത്ഥനാപൂർവ്വം സംസാരിച്ചശേഷം, ലിസമ്മയും തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തി, ദിവസവും ജപമാലചൊല്ലിത്തുടങ്ങി. അപ്പോഴെല്ലാം ഹൃദയത്തിലേയ്ക്കു് ആ ഗാനശകലം വീണ്ടുമെത്തിക്കൊണ്ടിരുന്നു. "ആത്മാക്കളെത്തരിക, എന്റെ സർവ്വവുമെടുത്തുകൊൾക...."
എന്നാൽ ഓരോതവണയും ഇതെനിക്കുള്ളതല്ലാ എന്ന ചിന്തയോടെ അതു തള്ളിക്കളഞ്ഞു.
അട്ടപ്പാടിയിലെ ധ്യാനത്തിനുശേഷം ഒരു മാസംകഴിഞ്ഞപ്പോൾ മറ്റൊരു ധ്യാനത്തിൽക്കൂടെ സംബന്ധിക്കാൻ കർത്താവ് അവസരമൊരുക്കി.
മകൾ ജോലിസ്ഥലത്തുനിന്ന് അവധിക്കെത്തിയപ്പോഴായിരുന്നൂ അത്. കുടുംബം, ഒന്നിച്ചു ധ്യാനത്തിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ മകന്റെ എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ ആരംഭിക്കുന്നതിനാലും മകൾക്കു അവധിനീട്ടാൻ സാധിക്കാത്തതിനാലും മകളും മാതാപിതാക്കളും ധ്യാനത്തിൽ സംബന്ധിച്ചു. മകന്റെ പരീക്ഷകൾക്കുശേഷം ധ്യാനത്തിൽ പങ്കെടുക്കാനാകുംവിധം, മകനുവേണ്ടി സീറ്റു ബുക്കുചെയ്യുകയുംചെയ്തു.
വലിയ ആത്മീയസന്തോഷത്തോടെയാണ് എല്ലാവരും ധ്യാനംകഴിഞ്ഞെത്തിയത്. മകൻ, ക്രിസ്റ്റഫറിന്റെ ബി.ടെക്. അവസാനസെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞു. എന്നാൽ ധ്യാനത്തിനു സംബന്ധിക്കേണ്ട ദിവസങ്ങൾ എത്തുന്നതിനുമുമ്പേ, 2012 ജൂൺ 14ന് കർത്താവ്, അവനെ തിരികെവിളിച്ചു. ഒരു ബൈക്ക് ആക്സിഡൻഡായാണ് ആ ദുരന്തമെത്തിയത്.
ധ്യാനത്തിൽസംബന്ധിച്ചു തിരികെയെത്തിയിട്ട്, ഏറെ ദിവസങ്ങളായിരുന്നില്ലെങ്കിലും ക്രിസ്റ്റഫറിന്റെ അപകടമരണം കുടുംബത്തെ ആകെയുലച്ചുകളഞ്ഞു. ലിസമ്മയും ഭർത്താവും ജോബിന്റെ പുസ്തകത്തിലെ വചനങ്ങൾ ആവർത്തിച്ചു പറഞ്ഞ്, ആശ്വസിക്കാനും പ്രാർത്ഥിക്കാനും ശ്രമിച്ചിരുന്നു എങ്കിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും ചുറ്റുപാടുകളിൽനിന്നുമെല്ലാമകന്ന് ഒറ്റപ്പെട്ട തുരുത്തുപോലെയായി ജീവിതം.
മകൾക്കാകട്ടെ, സഹോദരന്റെ മരണം ഒട്ടുമുൾക്കൊള്ളാൻ കഴിഞ്ഞിരുന്നുമില്ല. കുടുംബത്തിലെ എല്ലാവരേയും പൂർണ്ണമായും സംരക്ഷിക്കണമേയെന്നുമാത്രമേ ധ്യാനത്തിലുടനീളം ഞാൻ പ്രാർത്ഥിച്ചിരുന്നുള്ളൂ. എന്നിട്ടും എന്റെ ആങ്ങളയെ കർത്താവു കാത്തില്ലല്ലോയെന്ന് അവളെപ്പോഴും ആവലാതിപ്പെട്ടു.
നാലരവർഷത്തോളം അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കേ, എൽഎൽഎം ഹോസ്പിറ്റലിൽ ഒരു രോഗിയുമായി പോകാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അവിടെവച്ച്, ഡോ. സിസ്റ്റർ മാർസലെസിനെ പരിചയപ്പെടാനിടയായി. ബ്ലെസഡ് ഫാമിലി എന്ന കൂട്ടായ്മയെക്കുറിച്ചും അതിന്റെ അമരക്കാരിയായ രേണുവിനെക്കുറിച്ചും ഡോ. മാർസലെസാണു പറഞ്ഞത്.
രേണുവിന്റെ നമ്പർ ഡോ. മാർസലെസ് നല്കിയിരുന്നെങ്കിലും വിളിക്കാൻതോന്നിയില്ല. ബ്ലെസഡ് ഫാമിലി എന്ന പേരുപോലും ഉൾക്കൊള്ളാനാകുമായിരുന്നില്ല.
എന്നാൽ ഒരു ദിവസം, തികച്ചും അപ്രതീക്ഷിതമായി രേണുവിന്റെ ഫോൺകോൾ ലിസമ്മയെത്തേടിയെത്തി.
ആ ഫോൺ സംസാരംതന്നെ വലിയൊരഭിഷേകമാണു നല്കിയത്. രേണുവിന്റെ വാക്കുകൾ ഹൃദയത്തിനാശ്വാസമായി. എല്ലാത്തിൽനിന്നും ഉൾവലിയാനുള്ള ചിന്തകൾ മനസ്സിൽനിന്നു വിട്ടുപോയി. അതേത്തുടർന്നു് ബ്ലെസഡ് ഫാമിലി എന്ന കൂട്ടായ്മയിൽ അംഗമാകുകയുംചെയ്തു.
മകന്റെ ഒരു ഫോട്ടോ അയച്ചുകൊടുക്കാൻ രേണു ആവശ്യപ്പെട്ടു. കഴിഞ്ഞ നാലരവർഷക്കാലത്തിനിടെ മകന്റെ ഫോട്ടോയിൽ ഒന്നു നോക്കാൻപോലും മനക്കരുത്തില്ലാതിരുന്ന ലിസമ്മയെ ആ അവസ്ഥയിൽനിന്നുകൂടെ അന്നു കർത്താവു മോചിപ്പിച്ചു.
തുടർന്നു് ലിസമ്മയുടെ കുടുംബാംഗങ്ങളെല്ലാവരുമായി രേണു സംസാരിച്ചു. സഹോദരന്റെ മരണമുണ്ടാക്കിയ വലിയ ദുഃഖത്തിൽനിന്നു മകളെ കൈപിടിച്ചുയർത്തിയതും ബ്ലസഡ് ഫാമിലിയിലൂടെയും രേണുവിലൂടെയുമുള്ള കർത്താവിന്റെ പ്രവർത്തനംമൂലമാണ്.
ബ്ലസഡ് ഫാമിലിയുമായിച്ചേർന്നു പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ, കുടുംബത്തിൽ വീണ്ടും വലിയ പ്രത്യാശയും സമാധാനവും നിറഞ്ഞു. മകന്റെ വിയോഗത്തിനുശേഷം ഉറക്കഗുളിക കഴിച്ചുമാത്രം ഉറങ്ങാൻകഴിഞ്ഞിരുന്ന ലിസമ്മയെ, ആ അവസ്ഥയിൽനിന്നു കർത്താവു മോചിപ്പിച്ചു. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നിത്യതയിൽ വീണ്ടും ക്രിസ്റ്റഫറിനെ കണ്ടുമുട്ടാനാകുമെന്നുമുള്ള സത്യം തിരിച്ചറിയാൻ ബ്ലെസഡ് ഫാമിലിയോടൊപ്പമുള്ള പ്രാർത്ഥനാജീവിതം സഹായിച്ചു.
ഇന്ന്, സമാനമായ ദുഃഖത്തിലൂടെ കടന്നുപോകുന്ന പലർക്കും ആശ്വാസംപകരാനും അത്തരത്തിലുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാനും ദൈവം അവസരങ്ങളൊരുക്കുന്നു.
വചനം പഠിക്കുവാൻ തീവ്രമായി ആഗ്രഹിക്കുകയും പഠിക്കുകയുംചെയ്യുന്നു.
വചനം പഠിക്കുകയെന്ന നിയോഗം മുൻനിർത്തി, ദിവസവും മാതാവിന്റെ സ്തോത്രഗീതംചൊല്ലുകയും മാംസാഹാരം പൂർണ്ണമായുമുപേക്ഷിക്കുകയുംചെയ്തിരിക്കുന്നു.
ദിവസവും അരമണിക്കൂർ ബൈബിൾ വായിക്കാനും ദിവ്യബലിയിലും സപ്രയിലുംമറ്റും സംബന്ധിക്കുവാനും ദൈവകൃപയാൽ ഇന്നു സാധിക്കുന്നുണ്ട്. എല്ലാദിവസവും സിമിത്തേരിയിൽപ്പോകുവാനും മകനുവേണ്ടിയും നിത്യജീവനിലേയ്ക്കു യാത്രയായ എല്ലാ ആത്മാക്കൾക്കുവേണ്ടിയും വിശുദ്ധ ജർത്രൂദിന്റെ പ്രാർത്ഥനചൊല്ലാനും ദൈവാനുഗ്രഹത്താൽ സാധിക്കുന്നുണ്ട്.
വിശ്വാസത്തിൽനിന്ന് അകന്നുജീവിക്കുന്നവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കഴിയുന്നവരുമായ യുവതീയുവാക്കളെ ഓരോ ദിവ്യബലിയിലും സമർപ്പിച്ചു പ്രാർത്ഥിക്കാൻ കർത്താവു കൃപനല്കിയിട്ടുണ്ടു്.
ഇന്ന്, തറയിൽ മെറ്റൽവിരിച്ച്, അതിൽ മുട്ടുകുത്തി, ജപമാലചൊല്ലുമ്പോൾ പണ്ട് അട്ടപ്പാടിയിലെ ധ്യാനത്തിൽക്കേട്ട ഗാനത്തിന്റെ അർത്ഥം, ലിസമ്മയ്ക്കു തിരിച്ചറിയാനാകുന്നു...
"ആത്മാക്കളെത്തരിക, എന്റെ സർവ്വവുമെടുത്തുകൊൾക...."
------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ