അമേരിക്കയിലെ കണക്ടിക്കട്ടിൽ താമസിക്കുന്ന സിബി ചെമ്മരപ്പള്ളി - ഷൈനി ദമ്പതിയുടെ ജോയൽ, ജെനി, ജെഫ്നി എന്നീ മൂന്നു മക്കളിൽ ഇളയവളായിരുന്നു ജെഫ്നി. പത്തൊൻപതാം വയസ്സിലാണ് ഒരപകടത്തിലൂടെ ദൈവം ജെഫ്നിയെ തന്റെ സന്നിധിയിലേക്കു തിരികെവിളിച്ചത്.
സിബിയും ഷൈനിയും വിശ്വാസത്തിലുറച്ചവരായിരുന്നതിനാൽ മക്കളേയും വിശ്വാസവഴികളിൽത്തന്നെയാണു വളർത്തിയത്. തിന്മകളിൽവീഴാതിരിക്കാൻ എപ്പോഴും പ്രാർത്ഥനയിലായിരിക്കണമെന്നും ഞായറാഴ്ചകളിൽ ഒരു കാരണവശാലും വിശുദ്ധ കുർബ്ബാന മുടക്കരുതെന്നും ഉപദേശിച്ചിരുന്നു.
നിത്യവും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാനും ആഴ്ചയിൽ നാല് - അഞ്ചു ദിവസങ്ങൾ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും ഷൈനി സമയംകണ്ടെത്തിയിരുന്നു.
ജെഫ്നിയുടെ വിയോഗത്തിനു് ഒരാഴ്ചമുമ്പു് ഉപവാസത്തോടുകൂടെയുള്ള മൂന്നുദിവസത്തെ തപസ്സിൽ, ഷൈനി പങ്കെടുത്തിരുന്നു. അതിനെത്തുടർന്ന്, കാമ്പസുകളിൽ പഠിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി, ചില സുഹൃത്തുക്കളോടൊപ്പം ജറീക്കോ പ്രാർത്ഥനയാരംഭിച്ചു. ഏഴുദിവസംകൊണ്ടു് അവസാനിക്കുന്ന ജറീക്കോ പ്രാർത്ഥനയുടെ ആറാംദിവസം വൈകുന്നേരമാണ്, ജെഫ്നി അപകടത്തിൽപ്പെട്ടു് നിത്യതയിലേക്കു യാത്രയായത്.
ഈ ദുരന്തത്തെ ദൈവകരങ്ങളിൽനിന്നേറ്റു വാങ്ങി, ഷൈനി പറയുന്നതു നമുക്കു ശ്രദ്ധിക്കാം.
ഈ ദുരന്തത്തെ ദൈവകരങ്ങളിൽനിന്നേറ്റു വാങ്ങി, ഷൈനി പറയുന്നതു നമുക്കു ശ്രദ്ധിക്കാം.
എല്ലാ തിന്മകളിൽനിന്നും അപകടങ്ങളിൽനിന്നും മക്കളെ രക്ഷിക്കണമേയെന്ന നിയോഗത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഇങ്ങനെയൊരപകടം സംഭവിച്ചുവെന്നറിഞ്ഞപ്പോൾ അതൊട്ടുംതന്നെ ഉൾക്കൊള്ളാനായില്ല...
ഞങ്ങളുടെ മനസ്സുകൾക്ക് ഈ വാർത്ത പെട്ടെന്നു സ്വീകരിക്കാനായില്ലെങ്കിലും ആത്മസംയമനത്തോടെ പിടിച്ചു നില്ക്കാൻ പരിശുദ്ധാത്മാവ് ഞങ്ങൾക്കെല്ലാം ശക്തിനല്കിയിരുന്നു. ആ വാൾ ഞങ്ങളിലേക്കു തുളഞ്ഞുകയറിയിട്ടില്ലാത്തവിധത്തിൽ ശാന്തതയോടെ നില്കാനും എല്ലാക്കാര്യങ്ങളും വേണ്ടവിധംചെയ്യാനും ഞങ്ങൾക്കു സാധിച്ചു. അതെങ്ങനെയെന്ന് ഇന്നോർക്കുമ്പോൾ വലിയ അദ്ഭുതംതോന്നുന്നു. സംസ്കാരസമയത്തുപോലും വലിയ ശക്തിയും ധൈര്യവും ദൈവികസംരക്ഷണവും അനുഭവിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ കാപ്പ ഞങ്ങളെ പൊതിഞ്ഞിരുന്നു.
ഞങ്ങളുടെ മനസ്സുകൾക്ക് ഈ വാർത്ത പെട്ടെന്നു സ്വീകരിക്കാനായില്ലെങ്കിലും ആത്മസംയമനത്തോടെ പിടിച്ചു നില്ക്കാൻ പരിശുദ്ധാത്മാവ് ഞങ്ങൾക്കെല്ലാം ശക്തിനല്കിയിരുന്നു. ആ വാൾ ഞങ്ങളിലേക്കു തുളഞ്ഞുകയറിയിട്ടില്ലാത്തവിധത്തിൽ ശാന്തതയോടെ നില്കാനും എല്ലാക്കാര്യങ്ങളും വേണ്ടവിധംചെയ്യാനും ഞങ്ങൾക്കു സാധിച്ചു. അതെങ്ങനെയെന്ന് ഇന്നോർക്കുമ്പോൾ വലിയ അദ്ഭുതംതോന്നുന്നു. സംസ്കാരസമയത്തുപോലും വലിയ ശക്തിയും ധൈര്യവും ദൈവികസംരക്ഷണവും അനുഭവിച്ചിരുന്നു. പരിശുദ്ധ അമ്മയുടെ കാപ്പ ഞങ്ങളെ പൊതിഞ്ഞിരുന്നു.
മകളുടെ നിർജ്ജീവമായ ദേഹം, കണ്മുമ്പിൽ കാണുമ്പോഴും അവൾ ഈശോയോടൊപ്പമാണ്, ദിവ്യകാരുണ്യനാഥനോടൊപ്പമാണ് എന്ന ചിന്തയാണു മനസ്സിൽ നിറഞ്ഞിരുന്നതു്. ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് മൃതസംസ്കാര കർമ്മങ്ങൾനടന്നത്. ദിവ്യകാരുണ്യനാഥന്റെ സാന്നിദ്ധ്യത്തിന്റേതായ ഒരാത്മീയ അനുഭവം എനിക്കുമെന്റെ ഭർത്താവിനുമുണ്ടായി. മദ്ധ്യാഹ്നസൂര്യൻ ദിവ്യകാരുണ്യ ഈശോയെപ്പോലെ ഗോതമ്പപ്പമായി ഞങ്ങളുടെ ഹൃദയത്തിലേക്കു കടന്നുവരുന്നതായാണു ഞങ്ങൾക്കു രണ്ടാൾക്കുമനുഭവപ്പെട്ടതു്. അതുകൊണ്ടുതന്നെ മകളുടെ ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോഴും സങ്കടം തോന്നിയതേയില്ല.
പ്രാർത്ഥിക്കുന്ന ഒരുപാടുപേർ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നതും ഞങ്ങളെ ബലപ്പെടുത്തിയിരുന്നു.
ഈശോയേ, എന്താണിങ്ങനെ സംഭവിച്ചത്? നീയെന്തുകൊണ്ട് അവളെ രക്ഷിച്ചില്ലാ എന്ന ചോദ്യം പലപ്പോഴും എന്റെ ഹൃദയത്തിലുയർന്നിരുന്നെങ്കിലും ഒരിക്കൽപ്പോലും ഈശോയെ കുറ്റപ്പെടുത്താനോ ചോദ്യംചെയ്യാനോ ഞാൻ തുനിഞ്ഞില്ലായെന്നതും വലിയ ദൈവകൃപമൂലമാകണം.
മാദ്ധ്യമപ്രവർത്തകരും പോലീസുമെല്ലാം വീട്ടിൽവന്നപ്പോഴെല്ലാം ജപമാല കൈയിലുയർത്തിപ്പിടിച്ചാണു ഞാൻ അവരോടെല്ലാം സംസാരിച്ചത്. ജപമാല കൈയിൽനിന്നു താഴെവയ്ക്കാൻ അപ്പോഴൊന്നും എനിക്കു സാധിച്ചിരുന്നില്ല.
ജഫ്നി, അവളുടെ കാമ്പസിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നതിനാൽ അവളുടെ വിയോഗത്തിന്റെ പിറ്റേന്നാൾ രാത്രി, യൂണിവേഴ്സിറ്റിയിലെ കുട്ടികൾ, കാമ്പസിൽ അവൾക്കായി ജാഗരണം സംഘടിപ്പിച്ചിരുന്നു. മകളുടെ വിയോഗത്തിന്റെ തൊട്ടടുത്ത ദിവസമായിട്ടും ഞങ്ങൾ രണ്ടാൾക്കും അതിൽ പങ്കെടുക്കാനുള്ള മനഃസാന്നിദ്ധ്യം ലഭിച്ചു. ധാരാളം കുട്ടികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുത്ത ആ ജാഗരണത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ജഫ്നിയുടെ വിശ്വാസത്തേയും പ്രാർത്ഥനയേയുംകുറിച്ചുള്ള സാക്ഷ്യങ്ങൾമാത്രമാണു ഞാൻ പങ്കുവച്ചത്. മകളുടെ വിയോഗത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം ദൈവമഹത്വത്തെക്കുറിച്ചു പ്രഘോഷിക്കാൻ എനിക്കന്നു സാധിച്ചതു ദൈവകൃപയാൽമാത്രമാണ്.
ദൈവികപദ്ധതിയുടെ ഭാഗമായാണ് ഈ അപകടം സംഭവിച്ചിട്ടുള്ളത്. അല്ലെങ്കിൽ തീർച്ചയായും ഈശോയ്ക്കു് ഇതൊഴിവാക്കാമായിരുന്നു. കാരണം വളരെ അസ്വാഭാവികമായ സാഹചര്യത്തിലാണ് ഈ അപകടംനടന്നത്. കാമ്പസിന്റെ മൈതാനത്തിലിരുന്ന കുട്ടിയുടെമേൽ ഫയർസർവ്വീസ് വാഹനമിടിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്.
ജഫ്നിക്ക് അപകടമുണ്ടായ അതേ രാത്രിയിൽ, അറ്റ്ലാന്റയിൽനടന്ന ജാഗരണപ്രാർത്ഥനയിൽ, രാത്രി പന്ത്രണ്ടുമണിക്ക്, ഈശോ ഒരു സന്ദേശം നല്കിയിരുന്നു. കുന്നിൻമുകളിലുള്ള ഒരു കാമ്പസിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു കുട്ടി ഇന്നു മരിക്കാൻ പോകുന്നു. ആ കുട്ടിക്കായി ഒരു മണിക്കൂർ സ്തുതിച്ചു പ്രാർത്ഥിക്കുക എന്നതായിരുന്നു ആ സന്ദേശം. അവർ പന്ത്രണ്ടുമണിമുതൽ രണ്ടുമണിവരെ സ്തുതിച്ചു പ്രാർത്ഥിക്കുകയുംചെയ്തു. പോലീസ് റെക്കോഡിൽ ജഫ്നിയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് പുലർച്ചെ 1:15നാണ്.
അതുപോലെ മറ്റുപലർക്കും സന്ദേശങ്ങൾകിട്ടിയതായി ഞങ്ങളോടു പങ്കുവച്ചിട്ടുണ്ട്. ഇത്രയേറെ സന്ദേശങ്ങൾ നല്കാമെങ്കിൽ അവളുടെ മരണം ഈശോയ്ക്ക് ഒഴിവാക്കാമായിരുന്നു. കാരണം അവളുടെ മരണംനടന്ന സാഹചര്യങ്ങളിൽ ഇനിയുമുത്തരംകിട്ടാത്ത ചില ചോദ്യങ്ങളും ദുരൂഹതകളുമുണ്ടു്. ഈശോ ജെഫ്നിയുടെ മരണം ഒഴിവാക്കിയില്ലെങ്കിൽ, അതിനുപിന്നിൽ എന്തോ വലിയ ദൈവികപദ്ധതിയുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ആ ദൈവികപദ്ധതിയെന്തെന്നു വെളിപ്പെടുത്തിത്തരണമേയെന്നുമാത്രമാണു ഞങ്ങളുടെ പ്രാർത്ഥന.
ബ്ലെസഡ് ഫാമിലിയെക്കുറിച്ചും രേണുച്ചേച്ചിയെക്കുറിച്ചും എന്റെ ഭർത്താവിന്റെ ഒരു കസിൻവഴി ഞാൻ കേട്ടിട്ടുണ്ടായിരുന്നു. മകളുടെ വിയോഗത്തിനുശേഷം, രേണുച്ചേച്ചിയെ വിളിക്കാൻ ആ കസിൻ എന്നോടാവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ വിളിച്ചില്ല. എന്നാൽ യാദൃശ്ചികമായി രേണുച്ചേച്ചിയുടെ സാക്ഷ്യം കേൾക്കാനിടയായപ്പോഴാണ്, ഞാൻ ചേച്ചിയെ വിളിക്കുകയും ഈ കൂട്ടായ്മയിൽ അംഗമാവുകയുംചെയ്തത്.
വലിയ ആത്മീയശക്തിനല്കുന്ന ഒരു കൂട്ടായ്മയാണു ബ്ലെസഡ് ഫാമിലി. ഇക്കഴിഞ്ഞ മാർച്ച് 22-23 തീയതികളിൽ പവിത്രമായ വിവാഹബന്ധങ്ങൾക്കായി, വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അമേരിക്കയിലുടനീളംനടത്തിയ ജപമാലറാലിയിൽ ക്യാപ്റ്റനായി പ്രവർത്തിക്കാൻ അതിന്റെ സംഘാടകർ ആവശ്യപ്പെട്ടിരുന്നു.
താല്പര്യമുണ്ടായിരുന്നെങ്കിലും എനിക്കെന്തോ ഭയംതോന്നി. ഇക്കാര്യം ഞാൻ ബ്ലെസഡ് ഫാമിലിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലറിയിച്ചപ്പോൾ അവർ എന്നെ ധൈര്യപ്പെടുത്തുകയും പ്രാർത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ആ പ്രാർത്ഥനകൾ നല്കിയ ശക്തിയിൽ ദൗത്യമേറ്റെടുക്കാനും വിജയിപ്പിക്കാനും ദൈവം എന്നെ സഹായിച്ചു.
താല്പര്യമുണ്ടായിരുന്നെങ്കിലും എനിക്കെന്തോ ഭയംതോന്നി. ഇക്കാര്യം ഞാൻ ബ്ലെസഡ് ഫാമിലിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലറിയിച്ചപ്പോൾ അവർ എന്നെ ധൈര്യപ്പെടുത്തുകയും പ്രാർത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ആ പ്രാർത്ഥനകൾ നല്കിയ ശക്തിയിൽ ദൗത്യമേറ്റെടുക്കാനും വിജയിപ്പിക്കാനും ദൈവം എന്നെ സഹായിച്ചു.
അതുപോലെ എല്ലാ ശുശ്രൂഷകളിലും ബ്ലെസഡ് ഫാമിലിയുടെ പ്രാർത്ഥനകൾ എന്നെ സഹായിക്കുകയും ബലപ്പെടുത്തുകയുംചെയ്യുന്നുണ്ടു്.
------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്
------------------------
2019 ഏപ്രിൽ 21ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ