2019 ജൂലൈ 8, തിങ്കളാഴ്‌ച

അർബുദം,തന്ന ഒരദ്ഭുതം

തൃശൂർ അമല ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിലെ ഒരു ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലായിരുന്നു, സിസ്റ്റർ അർച്ചനയും തന്റെ സഹപ്രവർത്തകരായ ചിലസന്യാസിനികളും. സിസ്റ്റർ അർച്ചനയ്ക്ക് അർബുദമാണെന്ന സംശയത്തെന്തുടർന്നുചെയ്ത, നിരവധിദിവസങ്ങൾ നീണ്ടുനിന്ന പരിശോധനകളുടേയും മെഡിക്കൽടെസ്റ്റുകളൂടേയും അന്തിമഫലം ലഭിച്ച ദിവസമായിരുന്നു, അന്നു്.

തന്റെ മുമ്പിലിരിക്കുന്നവർ കന്യാസ്ത്രീകളായതിനാൽ, ഭൗതികകാര്യങ്ങളിൽ ആകുലതകളില്ലാത്തവരും പൂർണ്ണമായ ആത്മനിയന്ത്രണമഭ്യസിച്ചിട്ടുള്ള പുണ്യാത്മാക്കളുമാണെന്ന ചിന്തയാലാകാം, മുഖവുരകളില്ലാതെയാണു ഡോക്ടർ അവരോടു സംസാരിച്ചുതുടങ്ങിയത്.
'
"ലുക്കീമിയ എന്നു വിളിക്കുന്ന രക്താർബ്ബുദ(Blood Cancer)മാണു സിസ്റ്ററുടെ രോഗം." സിസ്റ്റർ അർച്ചന അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യവും ആത്മനിയന്ത്രണവുമെല്ലാം ഒറ്റനിമിഷത്തിൽ ചോർന്നുപോയി. മുഖംവിളറി, സിസ്റ്റർ ആകെ മരവിച്ചിരുന്നുപോയി.

സിസ്റ്റർക്കുണ്ടായ മാറ്റം ഡോക്ടർ ശ്രദ്ധിച്ചു. സംസാരശൈലിയിൽ അല്പം മാറ്റംവരുത്തിപ്പറഞ്ഞു:
"അത്രയ്ക്കു പേടിക്കാനൊന്നുമില്ല സിസ്റ്റർ, പ്രാരംഭസ്റ്റേജാണ്. ആഴ്ചയിലൊരിക്കൽ വന്നു കീമോതെറാപ്പി ചെയ്താൽമതി." ആശ്വസദായകമായ വാക്കുകൾ പറഞ്ഞുകൊണ്ടാണ് ഡോക്ടർ ആ സന്യസ്തരെ മടക്കിയയച്ചത്.

തിരികെ കോൺവെന്റിലെത്തിയെപ്പോൾ സിസ്റ്റർ അർച്ചന ആകെത്തളർന്നിരുന്നു. പിന്നീട് ഓരോദിവസവും മാനസികമായും ശാരീരികമായും  കൂടുതൽകൂടുതൽ ക്ഷീണിതയായിക്കൊണ്ടിരുന്നു. കോൺവെന്റിൽ മദറും മറ്റു സിസ്റ്റേഴ്സുമെല്ലാം എല്ലായ്പ്പോഴും ആശ്വസിപ്പിക്കാനും സഹായിക്കാനും സന്നദ്ധരായി ചുറ്റുമുണ്ടായിരുന്നെങ്കിലും സിസ്റ്റർക്കു് തന്റെ രോഗാവസ്ഥ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. മനസ്സിലെ വേദനകൾമൂലം പലപ്പോഴും സിസ്റ്റർ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു.

ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. തുടര്‍ച്ചയായുള്ള ചികിത്സയും മരുന്നുകളും സിസ്റ്ററെ വളരെയധികം ക്ഷീണിതയാക്കി. ഓരോ നിമിഷവും മരണത്തിന്റെ പാതയിലൂടെയാണു സഞ്ചാരിക്കുന്നതെന്ന തിരിച്ചറിവ്, സിസ്റ്ററിന്റെ മനസ്സിനെ കൂടുതൽ തളര്‍ത്തി. അതിനൊപ്പം ഈശോയോടുള്ള സ്നേഹവും വിശ്വാസവും കുറഞ്ഞുവന്നു. എല്ലാമുപേക്ഷിച്ചു കർത്താവിനെ പിഞ്ചെല്ലാനായിറങ്ങിയിട്ടും കർത്താവ്, തന്നെ ഈ അവസ്ഥയിലാക്കിയതിനെക്കുറിച്ചു പഴിപറയാന്‍മാത്രമാണ് ആ നാളുകളിൽ ഈശോയെ ഓര്‍ത്തതുതന്നെയെന്നു തുറന്നുപറയുകയാണിപ്പോൾ സിസ്റ്റർ അർച്ചന.

അങ്ങനെയിരിക്കേ, രോഗം വല്ലാതെ മൂര്‍ച്ഛിച്ചതിനാല്‍ സിസ്റ്റർ അർച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസ്റ്ററെയറിയുന്ന നിരവധി വൈദികരും സന്യസ്തരും ആശുപത്രിയില്‍ വന്ന്, സിസ്റ്ററെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്തിരുന്നു. പ്രത്യാശയുടെയും ദൈവസ്നേഹത്തിന്റെയും വാക്കുകളിലൂടെ അവര്‍ സിസ്റ്റർ അർച്ചനയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷയുടെ കണികകള്‍പോലും സിസ്റ്ററുടെ മനസ്സില്‍ അവശേഷിച്ചിരുന്നില്ല. നിരാശയുടെ പടുകുഴിയിലാണ്ടുപോയിരുന്ന സിസ്റ്റർക്ക്, ആ നാളുകളിൽ പ്രാർത്ഥിക്കുവാൻപോലും തോന്നിയിരുന്നില്ല.

ഒരുദിവസം, സിസ്റ്ററുടെ ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്ന ഒരു കൂട്ടുകാരി ആശുപത്രിക്കിടക്കയില്‍ സിസ്റ്റർ അർച്ചനയെ സന്ദര്‍ശിക്കാനെത്തി. അവരുടെ ജീവിതത്തിലുണ്ടായ ഒരനുഭവം ആ കൂട്ടുകാരി സിസ്റ്ററുമായി പങ്കുവച്ചു.
ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടായ നാളുകളിൽ അവർ ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാക്കൂട്ടായ്മ സന്ദര്‍ശിച്ചതും അവിടെയുണ്ടായിരുന്ന ഒരു കൗണ്‍സലറോടോത്തു പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച സന്ദേശങ്ങളനുസരിച്ച്, അവരുടെ ഭര്‍ത്താവിനു വിദേശത്ത് ഉയര്‍ന്ന ജോലി ലഭിച്ചതും സകുടുംബം അവിടെയായിരിക്കാന്‍ കൃപലഭിച്ചതുമെല്ലാം സിസ്റ്ററുടെ കൂട്ടുകാരി വിവരിച്ചുപറഞ്ഞു.

പോകുന്നതിനുമുമ്പായി, ആ കൂട്ടായ്മയിലെ കൗൺസലറുടെ മൊബൈൽ ഫോൺനമ്പർ തന്നിട്ടു് അവർ പറഞ്ഞു. "ദൈവത്തിനു നമ്മളെ ഓരോരുത്തരേയുംകുറിച്ച് വ്യക്തമായ പദ്ധതികളുണ്ടു്. സിസ്റ്റർക്കു് ഈ രോഗംവന്നതിനു പിന്നിലും ഒരു ദൈവികപദ്ധതിയുണ്ടാകും അതെന്തെന്നു വ്യക്തമായി മനസ്സിലാക്കാനായി, ഈ ബ്രദറിനെ വിളിച്ചു്,, അദ്ദേഹവുമൊത്തു് അല്പനേരം ഈശോയോടു പ്രാർത്ഥിക്കൂ."

സുഹൃത്തിന്റെ അനുഭവസാക്ഷ്യം കേട്ടതിൽനിന്നുണ്ടായ പ്രത്യാശയോടെ, അവർ കൊടുത്ത ഫോൺനമ്പറിൽ സിസ്റ്റർ വിളിച്ചു. അപ്പോൾ തിരക്കിലായിരുന്നെങ്കിലും അല്പനേരം ഫോണിലൂടെതന്നെ സിസ്റ്ററോടൊപ്പം പ്രാർത്ഥിക്കാൻ ആ സഹോദരൻ തയ്യാറായി.

കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുശേഷം സിസ്റ്ററോടൊപ്പം കർത്താവിനെ സ്തുതിച്ചു പ്രാർത്ഥിച്ചുതുടങ്ങി.
പ്രാർത്ഥനാമദ്ധ്യേ അദ്ദേഹം പറഞ്ഞു. "സിസ്റ്ററുടെ ഈ രോഗാവസ്ഥയ്ക്ക് 'അർബുദം ' എന്നു പറയുന്നതിനുപകരം, 'അദ്ഭുതം' എന്നു മാറ്റിപ്പറയാൻ കർത്താവു് ആവശ്യപ്പെടുന്നു."

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, അദ്ഭുതം എന്നു പലതവണ എടുത്തുപറഞ്ഞുകൊണ്ട്, സിസ്റ്റർ സ്തുതിച്ചുതുടങ്ങി. ആ സ്തുതിപ്പിനിടയിൽ, ഒരു ദർശനത്തിൽ CANCER എന്നു് ഇംഗ്ലീഷിൽകാണുന്നതായും മദ്ധ്യത്തിലെ C മറ്റുള്ളവയിൽനിന്നു വലിപ്പമേറിയതാണെന്നും അതു ക്രൈസ്റ്റ് എന്നതിന്റെ ആദ്യാക്ഷരമാണെന്നു കർത്താവു വെളിപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു. CanCer എന്നതു് Can Christ er? എന്നു വായിക്കാമെന്നും കർത്താവായ എനിക്കു തെറ്റുപറ്റുമോയെന്നു കർത്താവു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

"കർത്താവിനു തെറ്റുപറ്റിയെന്ന സിസ്റ്ററ്റിന്റെ മനോഭാവത്തെയാണു് ഇതിലൂടെ വെളിപ്പെടുത്തിത്തരുന്നതു്. ആ മനോഭാവം തെറ്റാണു്; അതിനെ വേരോടെ പിഴുതുകളയാൻ കർത്താവു സിസ്റ്ററോടു് ആവശ്യപ്പെടുന്നു.'' ആ സഹോദരൻ പറഞ്ഞു

"ഫോണിലൂടെ അതുകേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാരണം, ആ നാളുകളിൽ ഞാനെന്റെ ഈശോയെ ഒരുപാടുതവണ മനസ്സിൽ തള്ളിപ്പറഞ്ഞിരുന്നു. എന്നെ കാൻസർരോഗിയാക്കി, മരണത്തിനു വിട്ടുകൊടുക്കുന്നതിനെപ്രതി പഴിപറഞ്ഞിരുന്നു." സിസ്റ്റർക്ക് അതോർക്കുമ്പോൾ ഇപ്പോഴും സങ്കടമുണ്ടു്...

സിസ്റ്ററുടെ തേങ്ങലുകൾ ശാന്തമായപ്പോൾ മൊബൈൽഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും സിസ്റ്ററുടെ കാതുകളിലെത്തി. "ഈശോയ്ക്കു തെറ്റുപറ്റുമോ സിസ്റ്ററേ?''

"ഈശോയ്ക്കു് ഒരിക്കലും തെറ്റുപറ്റുകയില്ല.'' വിതുമ്പുന്ന ശബ്ദത്തിലാണെങ്കിലും ഉറച്ച ബോദ്ധ്യത്തോടെ ഉത്തരംനല്കാൻ അപ്പോൾ സിസ്റ്റർക്കു സാധിച്ചു.

"എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായി, കാൻസർ രോഗത്തെ ദൈവകരങ്ങളിൽനിന്നു സ്വീകരിക്കാനും എന്റെ സഹനങ്ങളെപ്രതി ദൈവത്തെ സ്തുതിക്കുവാനും അന്നെനിക്കു സാധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എന്റെ രോഗം കുറഞ്ഞുതുടങ്ങുന്നതായി എനിക്കു തോന്നി. തുടർച്ചയായുള്ള മെഡിക്കൽടെസ്റ്റുകളുടെ ഫലങ്ങളും അതിനെ ഉറപ്പിച്ചുകൊണ്ടിരുന്നു. എന്റെ ശരീരത്തിൽനിന്നു രോഗം വിട്ടകലുകയാണെന്നു ഡോക്ടർ പറഞ്ഞു. കർത്താവിനു നന്ദിപറഞ്ഞും മറ്റു കാൻസർരോഗികൾക്കായി മാദ്ധ്യസ്ഥംപ്രാർത്ഥിച്ചും ഓരോ ദിവസവും ഞാൻ ചെലവഴിച്ചു." സിസ്റ്റർ പറഞ്ഞു.

പിന്നെയും നാളുകൾ കടന്നുപോയി. ആറുമാസങ്ങൾക്കുശേഷം, അവസാനത്തെ മെഡിക്കൽചെക്കപ്പിന്റെയും ടെസ്റ്റിന്റെയും ഫലമറിഞ്ഞു. രോഗത്തിൽനിന്നു സിസ്റ്റർ അർച്ചന പൂർണ്ണസൗഖ്യംനേടിയതായി ഡോക്ടർ പറഞ്ഞപ്പോൾ സിസ്റ്റർക്കൊപ്പം ആശുപത്രിയിലെത്തിയ സഹസന്യസ്തർ സന്തോഷത്താൽ മതിമറന്നു.

"ഒരിക്കലും സുഖപ്പെടില്ലെന്നു വിധിയെഴുതി, ഡോക്ടർമാർ മരണത്തിനു 'വിട്ടുകൊടുത്തിരുന്ന രോഗിയായിരുന്നു ഞാനെന്നു് അതിനുശേഷംമാത്രമാണു ഞാനറിഞ്ഞതു്. അപ്പോൾമാത്രമാണു്, എത്ര വലിയ അദ്ഭുതമാണ് അർബുദമെന്ന രോഗത്തിലൂടെ ഈശോ എന്നിൽ പ്രവർത്തിച്ചതെന്നു് എനിക്കു മനസ്സിലായതു്. ക്രിസ്തുവിനു് ഒരിക്കലും തെറ്റുപറ്റില്ലെന്ന ഉറച്ച ബോദ്ധ്യത്തിലേക്കു് എന്നെ നയിച്ചുവെന്നതായിരുന്നു, രോഗംമാറിയതിനേക്കാൾ വലിയ അദ്ഭുതം! ആശുപത്രികളിൽക്കഴിയുന്ന അനേകർക്കുവേണ്ടി മദ്ധ്യസ്ഥംപ്രാർത്ഥിച്ചുകൊണ്ടു ഞാനിന്നും പൂർണ്ണാരോഗ്യത്തോടെ കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യുന്നു. വിശ്വാസവും പ്രാർത്ഥനയും എനിക്കതിനുള്ള ഉത്സാഹം നല്കുന്നു. ഒരിക്കലും തെറ്റുപറ്റാത്ത എന്റെ നല്ല ഈശോയ്ക്കുവേണ്ടി ആത്മാർത്ഥമായി ജോലിചെയ്യാനാകുന്നതിനാൽ ഇപ്പോൾ എന്റെ ഹൃദയമെന്നും സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു." സിസ്റ്റർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

2019 ജൂലൈ 1, തിങ്കളാഴ്‌ച

ക്ഷമിച്ചു പ്രാർത്ഥിച്ചപ്പോൾ....

സാജൻ - ബിന്ദുസാജൻ ഒല്ലൂക്കര

'ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത്‌ അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍.വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്‌.' ജറെമിയാ 29 : 4 - 6


വലിയ കടബാദ്ധ്യതകളാൽ മനസ്സുതകർന്നിരുന്ന നാളുകളായിരുന്നു അത്. സ്വന്തമായുണ്ടായിരുന്ന അഞ്ചുസെന്റു സ്ഥലംവിറ്റ്, കടബാദ്ധ്യതകള്‍തീര്‍ക്കാനും ഒരു വാടകവീട്ടിലേക്കു താമസംമാറാനുമുള്ള ചിന്തകളുമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നൂ ഞങ്ങൾ. പലരോടും പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ചിരുന്നു. ഇതേ നിയോഗവുമായി, ഒരുദിവസം, ഞങ്ങൾ തൃശൂരിലുള്ള ഒരു കത്തോലിക്കാ പ്രാർത്ഥനാക്കൂട്ടായ്മയിലേക്കു കടന്നുചെന്നു.

അവിടെ കൗൺസലറോടൊപ്പം സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു:
"നമ്മള്‍ പ്രാർത്ഥിക്കുമ്പോള്‍ കറുത്തു വികൃതമായ മുഖത്തോടെയാണല്ലോ കുടുംബനാഥനെ കര്‍ത്താവു കാണിച്ചുതരുന്നതു്. എന്താണങ്ങനെ? എന്താണു നിങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗം?"

ഞങ്ങളുടെ കുടുംബപശ്ചാത്തലവും പ്രാര്‍ത്ഥനയ്ക്കും കൗണ്‍സിലിംഗിനുമായി വരാനുണ്ടായ കാരണവും അദ്ദേഹത്തോടു ഞങ്ങള്‍ ചുരുക്കിപ്പറഞ്ഞു.

സമ്പന്നമായ കുടുംബപശ്ചാത്തലത്തിലാണു സാജന്‍ ജനിച്ചത്. സാജന് ഒരു സഹോദരിയാണുള്ളത്. സഹോദരിയുടെയും, തുടര്‍ന്നു സാജന്റെയും വിവാഹം ആര്‍ഭാടമായിത്തന്നെ നടത്തി. കുടുംബസാഹചര്യങ്ങൾ സമ്പന്നമായിരുന്നെങ്കിലും അതിനുമപ്പുറത്തായിരുന്നു സാജന്റെ മാതാപിതാക്കളുടെ ധൂർത്ത്. അതു് ബിസിനസ്സുകളുടെ തകര്‍ച്ചയ്ക്കു കാരണമായി. കടംപെരുകിയപ്പോള്‍, വീടും സ്ഥലവും കടക്കാര്‍ കൈയേറിയും ജപ്തിയില്‍പ്പെട്ടും അന്യാധീനമായി.
സ്വന്തംനാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്ത സാഹചര്യമായപ്പോള്‍ അകലെയൊരുനാട്ടില്‍, ഒരു വാടകവീട്ടിലേക്കു താമസംമാറി. 

എങ്കിലും മാതാപിതാക്കള്‍ ആഢംബരഭ്രമവും ധൂര്‍ത്തുമവസാനിപ്പിക്കാൻ തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം ഈ ധൂർത്താണെന്ന കുറ്റപ്പെടുത്തലുകൾ സാജന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ, മാതാപിതാക്കളും മകനുംതമ്മിൽ പിണങ്ങി. തങ്ങളെക്കുറ്റപ്പെടുത്തുന്ന മകനെ ഇനി ജീവിതത്തിലൊരിക്കലും തങ്ങള്‍ക്കാവശ്യമില്ലെന്നു്, മാതാപിതാക്കള്‍ അസന്നിഗ്ദ്ധമായി പറഞ്ഞപ്പോള്‍ സാജന്‍ ഭാര്യയുടെ വീട്ടിലേക്കു താമസംമാറി. അധികംവൈകാതെ ഒരു വിദേശജോലി തരപ്പെട്ടതിനാൽ ബിന്ദുവിനേയും രണ്ടു മക്കളേയും ബിന്ദുവിന്റെ വീട്ടില്‍നിറുത്തി, സാജന്‍ വിദേശത്തേക്കു പോയി.

നാട്ടില്‍ അഞ്ചുസെന്റു സ്ഥലംവാങ്ങാന്‍ വിദേശജോലിയില്‍നിന്നുള്ള വരുമാനംകൊണ്ടായെങ്കിലും വീട്ടിത്തീർക്കാനാവാത്ത കുറെയേറെ കടബാദ്ധ്യതകൾ അപ്പോഴുമുണ്ടായിരുന്നു. കടബാദ്ധ്യത തീര്‍ക്കണമെങ്കില്‍ ഉള്ള സ്ഥലം വില്ക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന നിലയിലേക്കെത്തി. സ്ഥലംവിറ്റു കടംവീട്ടുകയും ഭാര്യയേയും മക്കളേയും ഭാര്യവീട്ടില്‍നിന്നും ഒരു വാടകവീട്ടിലേക്കു മാറ്റിത്താമസിപ്പിക്കുകയുംചെയ്യുക എന്ന ഉദ്ദ്യേശത്തോടെയാണു്, അത്തവണ സാജന്‍ വിദേശത്തുനിന്ന് അവധിക്കു വന്നിട്ടുള്ളതു്.

''ഇക്കാര്യത്തില്‍ കർത്താവിന്റെ ഹിതമെന്തെന്നറിയാന്‍ നമുക്കു സ്തുതിച്ചു പ്രാർത്ഥിക്കാം." കൗൺസലർ പറഞ്ഞു.

സ്തുതികള്‍ക്കൊടുവില്‍ കര്‍ത്താവിന്റെ സന്ദേശത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടു് വിശുദ്ധ ഗ്രന്ഥം തുറന്നു. ജറമിയ പ്രവാചകന്റെ പുസ്തകത്തിലെ ഇരുപത്തിയൊമ്പതാമദ്ധ്യായത്തിലെ നാലുമുതല്‍ ആറുവരെയുള്ള വചനങ്ങളിലൂടെ കര്‍ത്താവു സംസാരിച്ചു.
"ജറുസലെമില്‍നിന്നു ബാബിലോണിലേക്ക്‌ അടിമകളായി ഞാനയച്ച സകലരോടും ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വീടുപണിത്‌ അതില്‍ വസിക്കുവിന്‍; തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചു ഫലങ്ങളനുഭവിക്കുവിന്‍. വിവാഹംകഴിച്ചു സന്താനങ്ങള്‍ക്കു ജന്മംനല്കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹംകഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്‌." (ജറെമിയാ 29 : 4-6)

"നിങ്ങളുടെ കൈവശമുള്ള സ്ഥലംവിറ്റു വാടകവീട്ടിലേക്കു മാറുന്നതിനുപകരം അവിടെ വീടുവച്ചു താമസിക്കാനാണു കർത്താവാവശ്യപ്പെടുന്നത്." കൗൺസിലർ ഞങ്ങളോടു പറഞ്ഞു.

"പക്ഷേ, എങ്ങനെ? കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാത്തപ്പോള്‍ എങ്ങനെയാണു വീടുപണിയുക?" ഞങ്ങള്‍ ചോദിച്ചു.

മറുപടിയായി അദ്ദേഹം മറ്റൊരു ചോദ്യമാണുന്നയിച്ചത്. ''നിന്റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.(പുറപ്പാട്‌ 20 : 12) എന്നാണു നാലാമത്തെ കല്പന. സാജന്റെ മാതാപിതാക്കളോടു നിങ്ങള്‍ ഫോണിലെങ്കിലും സംസാരിച്ചിട്ടെത്രനാളായി?''

"അഞ്ചു വര്‍ഷത്തോളമായി"

"ഇന്നുതന്നെ നിങ്ങള്‍പോയി അവരെക്കാണണം. അവര്‍ പ്രകോപനപരമായി സംസാരിച്ചാലും നിങ്ങള്‍ സ്നേഹത്തോടെ പെരുമാറണം. നിങ്ങള്‍ ഇതുമാത്രംചെയ്ത്, നിങ്ങളുടെ കടബാദ്ധ്യതകള്‍ കര്‍ത്താവിനെയേല്പിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. എങ്കില്‍ ഇന്നുകിട്ടിയ വചനത്തിലൂടെ നല്കിയ വാഗ്ദാനം കര്‍ത്താവു പാലിക്കും." മാതാപിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ചു് എല്ലാ മനുഷ്യരോടും ദൈവമെന്താണു പറയുന്നതെന്ന് അദ്ദേഹം ഞങ്ങളോടു വിശദീകരിച്ചു. 

അദ്ദേഹത്തിലൂടെ കർത്താവു നല്കിയ സന്ദേശം, ഞങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചു. അപ്പോൾ സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും 70 കിലോമീറ്ററകലെ, മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്കു് അന്നുതന്നെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ക്കു രണ്ടാള്‍ക്കും രണ്ടുമൂന്നു ജോഡി വസ്ത്രങ്ങളും എല്ലാവര്‍ക്കും അത്താഴത്തിനാവശ്യമായ ഭക്ഷണവും വാങ്ങിയാണു ഞങ്ങള്‍ അവിടെയെത്തിയതു്. മാതാപിതാക്കളിൽനിന്നു വലിയ പൊട്ടിത്തെറിയും ദേഷ്യപ്പെടലുമുണ്ടാകുമെന്നുതന്നെയാണു ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള രോഷപ്രകടനങ്ങളോ പഴിചാരുന്ന സംസാരമോ ഉണ്ടായില്ലെന്നുമാത്രമല്ല, മാതാപിതാക്കള്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയുംചെയ്തു. അന്നു് അത്താഴംകഴിച്ച്, അവിടെയുറങ്ങി. പിറ്റേന്ന്, വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ മാതാപിതാക്കളോടു യാത്രപറഞ്ഞിറങ്ങിയത്.

അന്നുമുതല്‍ കുടുംബപ്രാര്‍ത്ഥനാവേളയില്‍ കര്‍ത്താവു ഞങ്ങള്‍ക്കായി നല്കിയ വചനം (ജറെമിയാ 29 : 4 - 6) പറഞ്ഞുകൊണ്ടു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങി. അവധിക്കാലം കഴിഞ്ഞ്, സാജന്‍ ഗള്‍ഫിലേക്കു മടങ്ങുമ്പൊഴും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. കടബാദ്ധ്യതകള്‍ മാറ്റമില്ലാതെ തുടർന്നു. ബിന്ദുവും മക്കളും ബിന്ദുവിന്റെ വീട്ടില്‍ത്തന്നെകഴിഞ്ഞു. 

എന്നാല്‍ സാജന്റെ മാതാപിതാക്കളുമായുള്ള പിണക്കംമാറിയതും കര്‍ത്താവു നല്കിയ പ്രത്യാശാപൂർണ്ണമായ വചനം പറഞ്ഞുകൊണ്ടു ദിവസവും പ്രാര്‍ത്ഥിച്ചു തുടങ്ങിയതും മനസ്സില്‍ പുതിയൊരു പ്രത്യാശയും സന്തോഷവും സമാധാനവും നല്കി.

കര്‍ത്താവിന്റെ വഴികള്‍, നമ്മള്‍ പ്രതീക്ഷിക്കുന്നതിലുമെത്രയോ വ്യത്യസ്തമാണു്! കുറച്ചു നാളുകള്‍ക്കുശേഷം ബിന്ദുവിന്റെ കുടുംബത്തില്‍നടന്ന ഭാഗഉടമ്പടിയുടെ ഭാഗമായി പത്തു സെന്റു സ്ഥലം ബിന്ദുവിനു ലഭിച്ചു. സെന്റിനു മുന്നുലക്ഷം രൂപ നിരക്കില്‍ ആ സ്ഥലംവാങ്ങാന്‍ ബന്ധുക്കളിലൊരാൾ തയ്യാറാവുകയുംചെയ്തു.
കടബാദ്ധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ക്കുവാനും സാജന്‍ നേരത്തേ വാങ്ങിയിരുന്ന അഞ്ചു സെന്റു സ്ഥലത്ത്, രണ്ടായിരം ചതുരശ്രയടി വലിപ്പമുള്ള നല്ലൊരു വീടു നിർമ്മിക്കാനും ആ പണമുപകരിച്ചു. 

സന്തോഷത്തോടെ പുതിയ വീട്ടിലേക്കു മാറിയ ഞങ്ങള്‍ക്കു്, കര്‍ത്താവിന്റെ കൃപയാല്‍ ഒരാണ്‍കുഞ്ഞുകൂടെ പിറന്നു. മൂത്ത മകന്റെ ആദ്യകുര്‍ബ്ബാന സ്വീകരണവും പുതിയ വീട്ടിൽവച്ചു നടന്നു. മക്കൾ മിടുക്കരായി പഠിക്കുന്നു.  

വര്‍ഷങ്ങൾക്കുമുമ്പു്, കര്‍ത്താവു സന്ദേശമായി നല്കിയ വചനം ഇന്നും കുടുംബപ്രാർത്ഥനയില്‍പറഞ്ഞു ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു.

മാതാപിതാക്കളുമായി പിണക്കത്തിൽക്കഴിയുന്ന മക്കൾക്കുവേണ്ടിയും കടബാദ്ധ്യതകളാൽ ഞെരുങ്ങുന്നവർക്കുവേണ്ടിയുമാണ്, ഞങ്ങളുടെ ഈ അനുഭവം ഞങ്ങൾ പങ്കുവയ്ക്കുന്നത്. കുറ്റം ആരുടെഭാഗത്തായാലും അതു കണക്കിലെടുക്കേണ്ടാ, മാതാപിതാക്കളുമായി രമ്യതയിൽക്കഴിയുക. അവർക്കായി നിരന്തരം പ്രാർത്ഥിക്കുക. നിങ്ങളേയും നിങ്ങളുടെ തലമുറകളേയും കർത്താവനുഗ്രഹിക്കും. നിങ്ങളുടെ ജീവിതത്തിലെ തകർച്ചകളെ കർത്താവു് ഉയർച്ചകളാക്കിമാറ്റും.

കടബാദ്ധ്യതകളിൽപ്പെട്ടുഴലുമ്പോൾ കർത്താവിലാശ്രയിക്കുക. കർത്താവിന്റെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുക. കർത്താവു നല്കുന്ന വചനംപറഞ്ഞു വിശ്വാസത്തോടെ പ്രാർത്ഥിക്കുക. നമ്മുടെ ബാദ്ധ്യതകൾ അവിടുന്നേറ്റെടുക്കും. ഞങ്ങളുടെ ഈ അനുഭവക്കുറിപ്പു വായിക്കുന്ന എല്ലാവരേയും കർത്താവനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.------------------------

2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്