2019 ജൂൺ 22, ശനിയാഴ്‌ച

എല്ലാം ദിവ്യകാരുണ്യസമ്മാനം

ആലപ്പുഴയുടെ വടക്കുഭാഗത്ത്, ദേശീയപാതയുടെ പടിഞ്ഞാറായുള്ള ഒരു ചെറിയ കടലോരഗ്രാമമാണു തുമ്പോളി. ഇവിടെനിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ വലിയ ലോകത്തിലേക്കു് നടന്നുകയറിയ ഡോക്ടർ നിർമ്മൽ ഔസേപ്പച്ചന്റെ ജീവിതത്തിലെ ദൈവാശ്രയത്തത്തിന്റേയും പ്രാർത്ഥനാ ജീവിതത്തിന്റേയും സാക്ഷ്യങ്ങൾ ഗ്രാമത്തിനൊന്നാകെ വലിയ സാക്ഷ്യമായിത്തീർന്നിരിക്കുകയാണ്.

ദൈവത്തിലെങ്ങനെയാശ്രയിക്കണമെന്നും കർത്താവിന്റെ കരംപിടിച്ച് എങ്ങനെയാണു പ്രതിസന്ധികളെ തരണംചെയ്യേണ്ടത് എന്നുമുള്ള ജീവിതസാക്ഷ്യവും പരിശീലനവുമാണ്, മൂന്നുവർഷത്തെ എം.ബി.ബി.എസ്. പഠനത്തിനുശേഷം സാമ്പത്തിക പ്രതിസന്ധികൾമൂലം മെഡിക്കൽകോളേജിൽനിന്നു പടിയിറങ്ങേണ്ടിവന്ന പിതാവ് ഔസേപ്പച്ചൻ, നിർമ്മലിനു നല്കിയ ഏറ്റവും വലിയ പിതൃസ്വത്ത്.

1980കളുടെ അവസാനത്തിൽത്തന്നെ കരിസ്മാറ്റിക് നവീകരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഔസേപ്പച്ചനും ഹോമിയോ ഡോക്ടറായ ഭാര്യ വിനീതയും.
B. Sc. കെമിസ്ട്രി ബിരുദധാരിയായ ഔസേപ്പച്ചൻ, അദ്ദേഹത്തിന്റെ ആത്മീയഗുരുവും കരിസ്മാറ്റിക് ധ്യാനഗുരുവുമായിരുന്ന ഫാ. ജോസഫ് കിഴക്കേടം SJ യുടെ കരിസ്മാറ്റിക് പ്രവർത്തനങ്ങളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാളുകളിലാണ്, ഭാര്യയുടെ പ്രോത്സാഹനത്താൽ, മെഡിക്കൽ എൻട്രൻസ് എഴുതിയതും നിർമ്മലിന് അഞ്ചു വയസ്സുള്ളപ്പോൾ പരിയാരം മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ്. ബാച്ചിൽ പ്രവേശനംനേടിയതും. സാമ്പത്തിക പ്രശ്നങ്ങൾമൂലം, അന്നു പഠനം പൂർത്തിയാക്കാൻ കഴിയാതെപോയത് ഇന്നു വലിയ ദൈവാനുഗ്രഹമായിമാറിയതായി ഔസേപ്പച്ചൻ കരുതുന്നു. 

അദ്ദേഹത്തിന്റെ ഒരു പ്രസംഗംകേൾക്കാനിടയായ അമൽ എന്ന ഒരു വിദ്യാർത്ഥി, മെഡിക്കൽ എൻട്രൻസ് വിജയിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി, ഔസേപ്പച്ചന്റെ വീട്ടിലേക്കു കടന്നുവന്നതാണ് ക്രൈസ്റ്റ് കോളേജ് എന്ന സ്ഥാപനത്തിലേക്കുള്ള വിത്തുപാകാനുണ്ടായ നിമിത്തം. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഔസേപ്പച്ചൻ സാറിന്റെ പ്രസംഗംകേട്ട അമൽ, എഞ്ചിനീയറിംഗ് ഒന്നാംവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്, എം.ബി.ബി.എസ് എന്ന സ്വപ്നവുമായി അദ്ദേഹത്തെത്തേടിയെത്തിയത്. ആ കുട്ടിയെ, ഒരു വർഷം തന്റെ വീട്ടിൽനിറുത്തി, സ്വന്തം പുത്രനെയെന്നപോലെ പ്രാർത്ഥനയിലും പഠനത്തിലും പരിശീലനം നല്കി, എം.ബിബി.എസ് എൻട്രൻസ് പാസാകാൻ ഔസേപ്പച്ചൻ സഹായിച്ചു.

ഇക്കഥയറിഞ്ഞ്, തുടർന്നുള്ള വർഷങ്ങളിലും ഒന്നു രണ്ടു വിദ്യാർത്ഥികൾ ഔസേപ്പച്ചന്റെ വീട്ടിൽവന്നുനിന്നു പഠിക്കുകയും മെഡിക്കൽപ്രവേശനം നേടുകയും ചെയ്തു. ഒരേവർഷംതന്നെ അഞ്ചുകുട്ടികൾക്ക് ഒരുമിച്ച് മെഡിക്കൽപ്രവേശനം നേടാനായതിനെത്തുടർന്നാണ്‌, കൂടുതൽപേർ അന്വേഷിച്ചെത്തിത്തുടങ്ങിയതും ഔസേപ്പച്ചന്റെ വീട്ടിൽത്തന്നെ ക്രൈസ്റ്റ് കോളേജ് എന്ന എൻട്രൻസ് പരിശീലന സ്ഥാപനത്തിനു തുടക്കമായതും.

ഗുരുകുലവിദ്യാഭ്യാസ മാതൃകയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിൽ, പ്രഭാത പ്രാർത്ഥനയോടെയാണു ദിവസം ആരംഭിക്കുന്നതു്. തുടർന്നു് എല്ലാ വിദ്യാർത്ഥികളുമൊന്നിച്ച് ദിവ്യബലിക്കായി ദേവാലയത്തിലേക്കു്. (കത്തോലിക്കരല്ലാത്ത വിദ്യാർത്ഥികൾക്കു നിർബന്ധമല്ല)
കൃത്യമായ ഇടവേളകളിൽ കുമ്പസാരിക്കാനും കുട്ടികൾക്ക് അവസരം നല്കുന്നു. ക്രൈസ്റ്റ് കോളേജിൽനിന്നുയരുന്ന ദൈവസ്തുതികളുടെ ശബ്ദം, ഇന്നു തുമ്പോളിഗ്രാമത്തിൽ,  അലയടിക്കുന്നു. പ്രതിസന്ധികളിലും പരാജയങ്ങളിലും ദൈവത്തിലാശ്രയിക്കാനും ദൈവവചനത്തിലൂടെ ശക്തിപ്രാപിക്കാനുമാണ്, ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്അക്കാദമിക വിഷയങ്ങളിൽ, അതാതു വിഷയത്തിൽ ഡോക്ടറേറ്റുനേടിയ അദ്ധ്യാപകരാണു പരിശീലകരായുള്ളത്. അപ്രകാരം പ്രാർത്ഥനയും പഠനവും ഒന്നിച്ചു മുമ്പോട്ടു കൊണ്ടുപോകുന്നതാണ് ക്രൈസ്റ്റ് കോളേജിന്റെ അന്തരീക്ഷം. പ്രാർത്ഥനകളിൽ താല്പര്യമില്ലാത്ത കുട്ടികൾക്കായി കൊമ്മാടി എന്ന സ്ഥലത്ത്, കൺവൻഷണൽ രീതിയിലുള്ള പരിശീലനകേന്ദ്രവുമുണ്ട്.

വീട്ടിലെ, ഈ പ്രാർത്ഥനയുടേയും പഠനത്തിന്റെയും ചുറ്റുപാടുകൾക്കുള്ളിലാണ്, ഡോക്ടർ നിർമ്മലും സഹോദരിയും വളർന്നുവന്നത്.
ഒരുദിവസംപോലും വിശുദ്ധ കുർബാനമുടക്കാത്ത, ഏതു പ്രതിസന്ധിവന്നാലും അതിനു പരിഹാരംതേടാൻ ജപമാലയുമായി പ്രാർത്ഥനാമുറിയിലേക്കുമാത്രംപോകുന്ന, മാതാപിതാക്കൾനല്കിയ സാക്ഷ്യമാണ്, തന്നെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളർത്തിയതെന്ന് ഡോ. നിർമ്മൽ സാക്ഷ്യപ്പെടുത്തുന്നു.

"സ്കൂളിലും കോളേജിലും ഞാൻ ആബ്സെൻഡ് ആയ ദിവസങ്ങളുണ്ടു്. എന്നാൽ ഒന്നുമുതൽ പന്ത്രണ്ടുവരെ, സൺഡേസ്കൂൾ ക്ലാസുകളിൽ ഒരിക്കൽപ്പോലും ഞാൻ ആബ്സെൻഡ് ആയിട്ടില്ല. പത്തു വയസ്സിലാണു ഞാൻ ആദ്യകുർബ്ബാന സ്വീകരിച്ചത്. ദൈവാനുഗ്രഹത്താൽ അതിനുശേഷം ഇന്നുവരെ ഒരു ദിവസംപോലും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതിരുന്നിട്ടില്ല." ഡോക്ടർ നിർമ്മൽ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും, എവിടെയായാലും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാൻ ദൈവം വഴിയൊരുക്കുമെന്ന് ഡോക്ടർ ഉറച്ചുവിശ്വസിക്കുന്നു.

"ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളപ്പോഴെല്ലാം ദിവ്യബലിയിൽ സംബന്ധിക്കാൻ കർത്താവു വഴിയൊരുക്കിയിട്ടുണ്ടു്. ചില സ്ഥലങ്ങളിൽ പ്രഭാതബലിയർപ്പണത്തിനെത്താൻവേണ്ടിമാത്രം രാത്രിയിൽ ഉറക്കമിളച്ചു യാത്രചെയ്യേണ്ടതായും വന്നിട്ടുണ്ടു്. പലയിടങ്ങളിലും ദേവാലയത്തിനടുത്തായി താമസസൗകര്യം ലഭിച്ചിട്ടുണ്ടു്. വിശുദ്ധ കുർബ്ബാന മുടക്കരുത് എന്ന നമ്മുടെ ആഗ്രഹവും പ്രാർത്ഥനയും കർത്താവറിയുന്നുണ്ടു്. ഒരേയൊരു പള്ളിമാത്രമുള്ള ഒരു സ്ഥലത്ത്, കർത്താവ് എന്നെ ദിവ്യബലിക്കായി ആ പള്ളിയിലെത്തിച്ചു. ബിജാപുരിലുള്ള ഒരേയൊരു ദേവാലയത്തിലും ദിവ്യബലിയിൽ പങ്കുകൊള്ളാൻ ദൈവമിടവരുത്തിയിട്ടുണ്ടു്." ഡോക്ടർ നിർമ്മൽ പറഞ്ഞു.

ലോഗോസ് ക്വിസിൽ എല്ലാവർഷവും പങ്കെടുക്കുന്ന നിർമ്മൽ, പലതവണ രൂപതാതലത്തിൽ വിജയിയായിട്ടുണ്ടു്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായാണു വചനം പഠിച്ചതെങ്കിലും ജീവിതത്തിൽ ആവശ്യമായ ഘട്ടങ്ങളിലെല്ലാം ആവശ്യമായ വചനം ദൈവം ഓർമ്മപ്പെടുത്താറുണ്ടു്. ഏതു സാഹചര്യത്തിലും ബൈബിൾതുറന്നു വായിക്കുമ്പോൾ, കൃത്യമായി വഴികാട്ടിക്കൊണ്ടു ദൈവം സംസാരിക്കാറുണ്ടെന്നു ഡോക്ടർ പറഞ്ഞു. ചിലപ്പോൾ ശാസനയാകാം, ചിലപ്പോൾ തിരുത്തലാകാം, ചിലപ്പോൾ പ്രത്യാശയുടെ വചനമാകാം. ഒരിക്കൽപ്പോലും ഇരുട്ടിൽത്തപ്പുന്ന അനുഭവമുണ്ടായിട്ടില്ലെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. നാലാം ശ്രമത്തിലാണു ഡോക്ടർ നിർമ്മൽ, സിവിൽ സർവ്വീസ് നേടിയത്. എന്നാൽ സിവിൽ സർവ്വീസിനായി പ്രാർത്ഥിച്ചു വചനമെടുത്തപ്പോഴെല്ലാം പ്രത്യാശയുടെ വചനങ്ങളാണു ലഭിച്ചിട്ടുള്ളത്. പരാജിതനായി വന്നു ബൈബിൾതുറക്കുമ്പോഴും ലഭിച്ചിരുന്ന, പ്രത്യാശയുടെ വചനങ്ങൾ നല്കിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്.

പഠിക്കുന്ന കുട്ടികളോടു് ഡോക്ടർ നിർമ്മൽ പറയുന്നതിതാണ്. "നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധതപുലർത്തുക. ദൈവം സർവ്വശക്തനാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ എല്ലാക്കാര്യങ്ങളിലും ദൈവം നിങ്ങളെ സഹായിക്കുമെന്നു് ഉറച്ചു വിശ്വസിക്കുക. എല്ലായ്പോഴും ദൈവത്തോടു ചേർന്നുനില്ക്കുക, ദൈവം നിങ്ങളോടു ചേർന്നുനില്ക്കും. പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുള്ളതിതാണ്, ദൈവം സർവ്വശക്തനാണ്, ദൈവത്തിനെല്ലാം ചെയ്യാൻകഴിയും. എന്നാൽ ദൈവം എന്നെ തെരഞ്ഞെടുത്തിട്ടുണ്ടോ? അതിനുള്ള കഴിവും യോഗ്യതയുമെനിക്കുണ്ടോ?

ദൈവത്തിന്റെ തെരഞ്ഞെടുപ്പുകൾ നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. പൂർണ്ണരായ ആളുകളെയല്ല, ദൈവം തെരഞ്ഞെടുത്തിട്ടുള്ളത്.

വിക്കനായ മോശയെയാണ് ഇസ്രായേൽജനത്തിന്റെ നേതാവായി തെരഞ്ഞെടുത്തത്. ദൈവം, അദ്ദേഹത്തിന്റെ വിക്കു മാറ്റിക്കൊടുക്കുന്നതുപോലുമില്ല. മീൻപിടുത്തക്കാരനായ,  അക്ഷരാഭ്യാസമില്ലാത്ത പത്രോസിനെയാണു സഭയുടെ തലവനായി ദൈവം തെരഞ്ഞെടുത്തത്.
ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്ത പൗലോസിനെയാണ്, സഭയുടെ അടിസ്ഥാനപരമായ ദൈവശാസ്ത്രം രൂപീകരിക്കാനായി തെരഞ്ഞെടുത്തത്. ദാവീദിനെ തെരഞ്ഞെടുക്കുമ്പോൾ ദൈവം വ്യക്തമായിപ്പറയുന്നുണ്ട്, മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നതെന്ന്. കുറവുകളും പോരായ്മകളും ഇല്ലായ്മകളുമുള്ളവർതന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരുംതന്നെ! 

നമ്മൾ ദൈവത്തോടു സത്യസന്ധതപുലർത്തി, അവിടുത്തോടു ചേർന്നു നില്ക്കുക. നമ്മുടെ പ്രവൃത്തികൾ സത്യസന്ധതയോടെ ചെയ്യുക. സങ്കീർത്തനം 51:6ൽ പറയുന്നതുപോലെ, ഹൃദയപരമാർത്ഥതയാണ് ദൈവമാഗ്രഹിക്കുന്നത്. നിങ്ങൾ അപ്രകാരമായാൽ ദൈവം നിങ്ങളെ ഉയർത്തിനിറുത്തുകതന്നെ ചെയ്യും. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നുവെന്നു പറയുകയും അതിൽ ഉറപ്പില്ലാതിരിക്കുകയുംചെയ്താൽ, അവിശ്വാസിയാണു നിങ്ങളേക്കാൾ ഭേദം!

വിശുദ്ധ കുർബ്ബാനയിലും പ്രാർത്ഥനയിലും ജപമാലയിലും അടിയുറച്ച്, ഡോക്ടർ നിർമ്മലും അദ്ദേഹത്തിന്റെ മാതാപിതാക്കളും നല്കുന്ന മാതൃക, നമ്മുടെ കുടുംബങ്ങളിലും പകർത്താൻ ശ്രമിക്കാം. നമ്മുടെ വിശ്വാസത്തിൽ നൂറുശതമാനം സത്യസന്ധതയുള്ളവരായി, ദൈവത്തോടു ചേർന്നുനില്ക്കാം. നമ്മളേയും നമ്മുടെ മക്കളേയും കർത്താവു കൈപിടിച്ചു നടത്തിക്കൊള്ളും.

------------------------

2019 ജൂൺ 9ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ