2019 ജൂൺ 29, ശനിയാഴ്‌ച

മാംസംധരിക്കുന്ന വാക്കുകൾ

പ്രൊഫ. സി.ജെ. ബാബു



"വാക്ക്‌ അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്കു വാതിലും പൂട്ടും നിര്‍മ്മിക്കുക."
പ്രഭാഷകന്‍ 28:25

പ്രൊഫ. സി.ജെ. ബാബു 
നമ്മുടെ വാക്കുകൾ നമ്മളറിയാതെതന്നെ നമ്മുടെ ജീവിതങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നു വ്യക്തമാക്കുകയാണു്, പ്രൊഫസർ സി.ജെ. ബാബു. കരിസ്മാറ്റിക് കൗൺസിലറും തൃശൂർ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് പ്രൊഫസറുമാണ് അദ്ദേഹം.

വലിയ മാനസികവ്യഥയോടെയാണു തങ്ങളുടെ ഏകമകനുമായി, ജോസും ജാന്‍സിയും (പേരുകൾ യഥാർത്ഥമല്ല) എന്റെ മുമ്പിലേക്കു കടന്നുവന്നത്. വളരെ ഗുരുതരമായ പ്രശ്നമാണ് അവര്‍ അഭിമുഖീകരിക്കുന്നതെന്ന് അവരുടെ മുഖഭാവങ്ങളില്‍നിന്നുതന്നെ വ്യക്തമാണ്.

അവര്‍ കടന്നുവരുന്നതുകണ്ട നിമിഷത്തില്‍, പരിശുദ്ധാത്മാവ് എന്റെ ചെവിയില്‍ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. “ഇവരോടു പറയുക, കള്ളന്റെയും ചതിയന്റെയും മകൻ,‍ കള്ളനും കൊള്ളക്കാരനുമാകുമെന്ന്.” അതു ഞാനെന്റെ മനസ്സില്‍ കുറിച്ചുവച്ചു.

കുഞ്ഞിനെ മാറ്റിനിറുത്തിയിട്ട്‌, ജോസും ജാന്‍സിയും  അവരുടെ പ്രശ്നമെന്തെന്നു പറഞ്ഞുതുടങ്ങി.
അവരുടെ വിവാഹംകഴിഞ്ഞിട്ട്, അഞ്ചുവര്‍ഷമായി. അവരുടെ  മകന് ഇപ്പോള്‍ മൂന്നര വയസ്സായിരിക്കുന്നു. അവനെ ഒരു സ്കൂളില്‍ എല്‍.കെ.ജി.യില്‍ ചേര്‍ത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സ്കൂളിലെ അദ്ധ്യാപിക ഇവരെ സ്കൂളില്‍ വിളിപ്പിച്ചു. അവരുടെ മകന്‍ മറ്റു കുട്ടികളുടെ ബാഗില്‍നിന്നു പല സാധനങ്ങളും മോഷ്ടിച്ചെടുക്കുന്നു. കുട്ടിയെ പറഞ്ഞുതിരുത്തണം എന്നാവശ്യപ്പെടാനാണ് അദ്ധ്യാപിക അവരെ വിളിപ്പിച്ചതു്.

അദ്ധ്യാപിക പറഞ്ഞതു പൂർണ്ണമായും സത്യമാണെന്ന് അവര്‍ക്കറിയാം. മകന്‍ സ്കൂളില്‍നിന്നെത്തുമ്പോള്‍, പെന്‍സില്‍, കളര്‍പെന്‍സില്‍, റബ്ബര്‍, ബലൂണ്‍, ബിസ്ക്കറ്റ്, മിഠായി  തുടങ്ങി അവന്റെതല്ലാത്ത പല സാധനങ്ങളും അവന്റെ ബാഗില്‍നിന്നു കിട്ടുന്നുണ്ടായിരുന്നു. വഴക്കുപറയുകയും അടിക്കുകയുമൊക്കെചെയ്തിട്ടും കുഞ്ഞിന്റെ മോഷണസ്വഭാവം മാറിയില്ല. 

അദ്ധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം ജോസും ജാന്‍സിയും കുട്ടിയെ ഒരു സൈക്കോളജിസ്റ്റിനെയും സൈക്യാര്‍ട്ടിസ്റ്റിനെയും കാണിച്ചു. ക്ലെപ്റ്റോമാനിയ എന്ന ഒരു രോഗമാണു കുട്ടിക്കുള്ളതെന്നും അതിനു പ്രത്യേക മരുന്നുകള്‍ ഒന്നുമില്ലെന്നുമാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ നിരാശയോടെ കഴിയുമ്പോഴാണ് ഒരു കുടുംബസുഹൃത്തിന്റെ നിർദ്ദേശപ്രകാരം പ്രാർത്ഥനയ്ക്കും കൗൺസിലിങ്ങിനുമായി എന്റെയടുത്തേക്ക് അവര്‍ കടന്നുവന്നത്.

ഈ കുഞ്ഞ്,  രണ്ടുവയസ്സുതികയുന്നതിനുമുമ്പുതന്നെ,  ഈ സ്വഭാവവൈകല്യം പ്രകടിപ്പിക്കുന്നുണ്ടെന്ന്  അവര്‍ പറഞ്ഞു. പലപ്പോഴും അവര്‍ സന്ദര്‍ശിക്കുന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നുംമറ്റും അവന്‍ സാധനങ്ങള്‍ മോഷ്ടിച്ചെടുത്തതു പിടിക്കപ്പെടുകയും മാതാപിതാക്കള്‍ക്കു വലിയ നാണക്കേടാവുകയുംചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ചേര്‍ത്തുകഴിഞ്ഞപ്പോള്‍ അതിനേക്കാള്‍ വലിയ നാണക്കേടായിരിക്കുന്നു.

പെട്ടെന്നു ഞാനവരോടു ചോദിച്ചു. “നിങ്ങളില്‍ ആരാണ് ‘ചതിയന്‍, വഞ്ചകന്‍’ എന്നൊക്കെ പങ്കാളിയെ വിളിക്കുന്നത്?”

ഇതുകേട്ടയുടന്‍, ഭര്‍ത്താവു കസേരയില്‍നിന്നെഴുന്നേറ്റുനിന്നു പറഞ്ഞു. “ഞങ്ങളുടെ കിടപ്പുമുറിയില്‍ കടന്നാല്‍ ഈ രണ്ടു വാക്കുകള്‍ ഉപയോഗിച്ചുമാത്രമേ ഇവളെന്നെ വിളിക്കാറുള്ളൂ."

ഞാന്‍ ജാൻസിയോടു പറഞ്ഞു: “ചതിയനും കള്ളനുമായ ഒരു ഭര്‍ത്താവ് ഭാര്യയ്ക്കുനല്കുന്ന പുത്രന്‍ കള്ളനും കൊള്ളക്കാരനുമായിരിക്കും. ജാന്‍സി ഭര്‍ത്താവിനെ കള്ളനും ചതിയനുമായി കാണുന്നെങ്കില്‍ ആ ഭര്‍ത്താവില്‍നിന്നു ജനിക്കുന്ന പുത്രന്‍ കള്ളനും കൊള്ളക്കാരനുമായിത്തീരുന്നില്ലെങ്കിലല്ലേ, അദ്ഭുതപ്പെടേണ്ടത്? ഇപ്പോള്‍ അവന്‍ നിങ്ങള്‍ക്കുമുമ്പില്‍ കള്ളനായെങ്കില്‍ വളരുമ്പോള്‍ വലിയ കൊള്ളക്കാരനായി മാറുമെന്നതില്‍ സംശയമുണ്ടോ? അതിരിക്കട്ടെ, ജാന്‍സി എന്തുകൊണ്ടാണു ജോസിനെ കള്ളനും ചതിയനുമെന്നു വിളിക്കുന്നത്?”

ജാന്‍സി പറഞ്ഞു: “വീട്ടിലെ ഓമനപ്പുത്രിയായാണു ഞാന്‍ വളര്‍ന്നത്. എന്റെ മാതാപിതാക്കള്‍ക്കു ഞാനും എന്റെ സഹോദരനുമാണു മക്കളായുള്ളത്. ഞാന്‍ പി.ജി. വരെ പഠിച്ചു. വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് എന്റെ മാതാപിതാക്കളും സഹോദരനും എന്നെ വളര്‍ത്തിയത്. വിവാഹസമ്മാനമായി വലിയൊരു തുകനല്കിയാണ് എന്നെ വിവാഹംകഴിപ്പിച്ചതും.
വിവാഹംകഴിഞ്ഞ്, ഒന്നുരണ്ടാഴ്ചകള്‍ക്കുശേഷമാണു ജോസിന്റെ കഴുത്തിലുള്ള ശാസ്ത്രക്രിയയുടെ അടയാളത്തെക്കുറിച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചത്.”

“എന്റെ സാറേ, ഉള്ളകാര്യം സത്യസന്ധമായി ഞാനിവളോടു പറഞ്ഞു.” ജോസ് ഇടയ്ക്കുകയറി പറഞ്ഞു. “എന്റെ കഴുത്തില്‍, തലയ്ക്കടുത്തായി ഒരു ട്യൂമറുണ്ടായിരുന്നു. ആ ട്യൂമര്‍ ശസ്ത്രക്രിയചെയ്തു നീക്കി. അതിനൊപ്പം റേഡിയേഷന്‍ ചികിത്സയുംനടത്തി. റേഡിയേഷന്റെ പരിണിതഫലമാണ് എന്റെ പല്ലുകള്‍ ഇപ്പോള്‍ ദ്രവിച്ചുകാണുന്നത്. ഇതു ഞാന്‍ പറഞ്ഞുതീരുംമുമ്പേ, ഇവള്‍ കോപത്തോടെ ആക്രോശിച്ചു വിളിച്ചു, ‘കള്ളന്‍, ചതിയന്‍ ഈ രോഗം മറച്ചുവച്ചുകൊണ്ടാണു നിങ്ങളെന്നെ കല്യാണംകഴിച്ചത്. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. നിങ്ങളൊരു വഞ്ചകനാണ്. ഇനിമുതല്‍ നിങ്ങളെ ഞാന്‍ കള്ളനെന്നും ചതിയനെന്നുംമാത്രമേ വിളിക്കൂ...’ അന്നുമുതല്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ കിടപ്പുമുറിയില്‍ക്കടന്നാല്‍ ഇവളെന്നെ അങ്ങനെയാണു വിളിക്കുന്നത്.”

വിവാഹംകഴിഞ്ഞ്, ഒന്നരവര്‍ഷത്തിനുശേഷം അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. ആ കുഞ്ഞാണ് ഇപ്പോള്‍ ക്ലെപ്റ്റോമാനിയാരോഗിയായി, മറ്റുള്ളവര്‍ക്കുമുമ്പില്‍ കള്ളനായി,  മാതാപിതാക്കള്‍ക്കു തീരാവേദനയ്ക്കു കാരണമായി ഇപ്പോളിവിടെ  നില്ക്കുന്നത്.

ഞാന്‍ അവളോടു ചോദിച്ചു, “കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നീയെത്രതവണ നിന്റെ ഭര്‍ത്താവിനെ കള്ളനെന്നും ചതിയനെന്നും വിളിച്ചിട്ടുണ്ട്?”

“എത്രയാണെന്നറിയില്ല, അങ്ങനെ വിളിക്കാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടാകില്ല. ദിവസവും പലതവണ വിളിച്ചിട്ടുണ്ട്.” അവള്‍ മോഹാലസ്യപ്പെടുന്ന അവസ്ഥയിലേക്കെത്തി. 

അതില്‍നിന്നു മോചിതയായപ്പോള്‍ അവള്‍ ചോദിച്ചു: “എന്തു പരിഹാരമാണ്, എനിക്കിതിനു ചെയ്യാൻകഴിയുക?”

ഞാന്‍ പറഞ്ഞു. “ക്ലെപ്റ്റോമാനിയയ്ക്കു ചികിത്സയില്ലെന്നു ഡോക്ടര്‍മാര്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ?  ഇനി നിനക്കു ചെയ്യാനാകുന്നത് ഇത്രയേയുള്ളൂ, ഈ ദിവസംമുതല്‍ നിന്റെ ഭര്‍ത്താവുകേള്‍ക്കേ, എന്റെ ഭര്‍ത്താവു ചതിയനല്ല, കള്ളനല്ലായെന്ന്‌ ഉറക്കെ പറയുക. എത്രതവണ പറയാനാകുമോ അത്രയുംതവണ പറയുക.”

അവള്‍ അപ്പോള്‍ത്തന്നെ പറഞ്ഞുതുടങ്ങി. “എന്റെ ഭര്‍ത്താവു ചതിയനല്ലാ, കള്ളനല്ലാ” അവള്‍ പറഞ്ഞുകൊണ്ടിരിക്കേ, കുഞ്ഞിനെക്കൂടെ അകത്തേയ്ക്കു കൊണ്ടുവന്ന് അവളുടെയടുത്തു നിറുത്തി. 

അന്നേദിവസം ഒരു നൂറുതവണയെങ്കിലും അവള്‍ അതു പറഞ്ഞിട്ടുണ്ടാകും.

ഞാന്‍ അവളോടു പറഞ്ഞു: “എന്റെ മകളേ, നിങ്ങള്‍ ഒന്നിച്ചായിരിക്കുമ്പോഴെല്ലാം നീയിതുറക്കെപ്പറയണം. കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയുംവേണം.”

രണ്ടാഴ്ചയ്ക്കുശേഷം അവര്‍ ഫോണില്‍ വിളിച്ചുപറഞ്ഞു. “കര്‍ത്താവു ഞങ്ങളെയനുഗ്രഹിച്ചു. അവന്റെ സ്വഭാവം പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും വലിയ മാറ്റമുണ്ട്. മുമ്പു പതിനഞ്ചു സാധനങ്ങള്‍വരെ അവന്‍ ഓരോ ദിവസവും കൊണ്ടുവരുമായിരുന്നു. ഇപ്പോളത് ഒന്നോ രണ്ടോ ആയി ചുരുങ്ങിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ പരമാവധി അഞ്ചു സാധനങ്ങള്‍വരെ കൊണ്ടുവന്നിട്ടുണ്ട്.”

“നീയെത്രതവണ ഭര്‍ത്താവിനെ കള്ളനെന്നും ചതിയനെന്നും വിളിച്ചോ അത്രയുംതവണകള്‍തന്നെ എന്റെ ഭര്‍ത്താവു ചതിയനല്ലാ, കള്ളനല്ലായെന്ന് ഏറ്റുപറഞ്ഞു കഴിയുമ്പോള്‍, കുഞ്ഞു പൂര്‍ണ്ണമായും ഈ രോഗത്തില്‍നിന്നു സുഖംപ്രാപിക്കും. കുഞ്ഞുകൂടെ കേള്‍ക്കുംവിധത്തില്‍  നിന്റെ ഭര്‍ത്താവിനോട് ഇതുറക്കെപ്പറഞ്ഞുകൊണ്ടിരിക്കുക.” പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാന്‍ അവര്‍ക്കു മറുപടി നല്കി.

ഒരുമാസംകഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഫോണില്‍ വിളിച്ചുപറഞ്ഞു: “ഇപ്പോള്‍ എല്ലാദിവസവും എന്തെങ്കിലും കൊണ്ടുവരുന്ന ശീലം മാറിയിട്ടുണ്ട്. എന്നാലും വല്ലപ്പോഴും ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ കൊണ്ടുവരാറുണ്ട്.”

ഞാന്‍ പറഞ്ഞു: “ഇനി കുഞ്ഞുകേള്‍ക്കുംവിധം ഇങ്ങനെ പറയുക, ‘എന്റെ ഭര്‍ത്താവ് നല്ലവനാണ്, മിടുക്കനാണ്.’”

അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷം, ഈ കുഞ്ഞ് മറ്റുള്ളവരുടെ വസ്തുക്കള്‍ ഒന്നും എടുക്കാതെയായി. അതോടൊപ്പംതന്നെ അവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി. ജാന്‍സിക്ക്‌ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപികയായി ജോലികിട്ടി. ജോസിന്റെ ബിസിനിസില്‍ വലിയ പുരോഗതിയുണ്ടായി. അധികംവൈകാതെ അവര്‍ക്കൊരു പെണ്‍കുഞ്ഞിനെക്കൂടെ നല്കി കര്‍ത്താവ് അവരയനുഗ്രഹിച്ചു. ഇന്നവര്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.

നമ്മള്‍ ത്രികാലജപം ചൊല്ലുമ്പോള്‍ എല്ലാദിവസവും പ്രാര്‍ത്ഥിക്കാറുണ്ടല്ലോ, ‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു’വെന്ന്. ദൈവവചനം മാസംധരിച്ച്, ഈശോയായതുപോലെ നമ്മുടെ വാക്കുകള്‍ മാംസംധരിച്ചു നമ്മുടെയിടയില്‍ വസിക്കും. തിന്മയുടെ വാക്കുകള്‍ പൈശാചിക സാന്നിദ്ധ്യമായും നന്മയുള്ള വാക്കുകള്‍ അനുഗ്രഹമായും നമ്മുടെ ജീവിതത്തിലേക്കു തിരികെവരും. അതുകൊണ്ടുതന്നെ നമ്മുടെ വാക്കുകള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചുംമാത്രം പറയുക. ആത്മീയമായ നിറവോടുകൂടെ നമ്മള്‍ പറയുന്ന വാക്കുകള്‍ അനുഗ്രഹദായകമാകും.

മാതാപിതാക്കളെയും ഗുരുക്കന്മാരേയും വേദനിപ്പിക്കരുത്, ശാപം ഫലിക്കുമെന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനപരമായ കാരണമിതുതന്നെ. അബദ്ധത്തില്‍ നമ്മുടെ നാവില്‍നിന്നു തിന്മയായ വാക്കുകള്‍ ഉതിര്‍ന്നുവെങ്കില്‍, ദൈവാത്മാവില്‍ നിറഞ്ഞുനിന്ന്, ആ വ്യക്തിതന്നെ അതിനെ തള്ളിപ്പറഞ്ഞാല്‍, ആ തിന്മയുടെ വാക്കുകള്‍ അല്ലെങ്കില്‍ ആ ശാപവചസ്സുകള്‍ നിര്‍വ്വീര്യമായിപ്പോകും. മാതാപിതാക്കള്‍ക്കു ദൈവംനല്കിയ അധികാരം അവര്‍ ദുര്‍വിനിയോഗംചെയ്‌താല്‍, അതു ദൈവതിരുമുമ്പില്‍ ഏറ്റുപറഞ്ഞ്, തങ്ങളുടെ വാക്കുകള്‍മൂലമുണ്ടായ തിന്മകള്‍ നീക്കിക്കളയണമേയെന്നു പ്രാര്‍ത്ഥിച്ചാല്‍, ഈശോ അതുനിര്‍വ്വീര്യമാക്കുമെന്നു നാമോരോരുത്തരും തിരിച്ചറിയണം.
------------------------

2019 ജൂൺ 23ലെ സൺഡേശാലോം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ